ആര്‍.ജെയായും അവതാരകനായും മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാണ് അരുണ്‍ മാത്യൂ. അരുണ്‍ മാത്യൂ എന്ന പേര് മലയാളികള്‍ക്കിടയില്‍ സുപരിചിതമല്ലെങ്കിലും മാത്തുകുട്ടിയെന്ന് പറഞ്ഞാല്‍ അറിയാത്തവരായിട്ട് ആരുമുണ്ടാകില്ല.
തന്റെ പേര് മാത്തുകുട്ടി എന്ന് മാറ്റാനിടയായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് അരുണ്‍. മാത്തുകുട്ടി എന്നത് തന്റെ അച്ഛന്റെ പേരാണെന്നും പിന്നീട് മാറ്റിയതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മമ്മൂട്ടി ഒരിക്കല്‍ തന്റെ പേരിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും അപ്പന്റെ പേരാണ് മാത്തുകുട്ടി എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞ മറുപടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുകുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മാത്തുകുട്ടി എന്നത് എന്റെ അപ്പന്റെ പേരാണ്. എന്റെ പേര് ശരിക്കും അരുണ്‍ മാത്യൂ എന്നാണ്. കോളേജില്‍ കുറേ അരുണ്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പേര് മനസിലാക്കാന്‍ അരുണ്‍ എന്ന് പറയുന്നതിന്റെ കൂടെ ഞാന്‍ എപ്പോഴും മാത്യൂ എന്ന് കൂടെ ചേര്‍ക്കുമായിരുന്നു. അതിന് ശേഷം എല്ലാവരും മാത്തുകുട്ടി എന്ന് വിളിച്ചു തുടങ്ങി.
പക്ഷെ വീട്ടിലെ ഫ്രണ്ട്‌സ് മാത്രം ഇത് പ്രശ്‌നമാക്കി. വീട്ടിലുണ്ടാവുമ്പോള്‍ അവര്‍ മാത്തുകുട്ടി എന്ന് വിളിക്കും. വീട്ടില്‍ വന്നിട്ട് അവര്‍ മാത്തുകുട്ടി എന്ന് വിളിക്കുമ്പോള്‍ മമ്മി ങേ… എന്ന് പറഞ്ഞ് നോക്കും. കാരണം അപ്പന്റെ പേരല്ലെ. എന്റെ കെട്ടിയോനെ ആരാ ഇത്ര സ്വാതന്ത്രത്താടെ വിളിക്കുന്നത് എന്ന മട്ടിലാണ് മമ്മി നോക്കുക.
മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്ത സമയത്താണ് അദ്യമായി എന്റെ പേര് പൊളിയാണെന്ന് തോന്നിയിട്ടുള്ളത്. അദ്ദേഹം ഈ പേരിനെക്കുറിച്ച് എന്നോട് ഇങ്ങോട്ട് ചോദിച്ചു. നിന്റെ പേര് മാത്തുകുട്ടി എന്നാണോയെന്ന് ഇന്റര്‍വ്യൂ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ അദ്ദേഹം ചോദിച്ചു. മമ്മൂക്ക ഭയങ്കര കലിപ്പിലാണ് അത് ചോദിച്ചത്. അദ്ദേഹം വേറെ ഒരു കലിപ്പ് കഴിഞ്ഞിട്ട് നില്‍ക്കുമ്പോഴാണ് ഞാന്‍ മൈക്കും കൊണ്ട് ചെല്ലുന്നത്.
നിന്റെ പേര് മാത്തുകുട്ടിയെന്നാണോ ചോദിച്ചപ്പോള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ആരുടെ പേരാണെന്ന് ചോദിച്ചപ്പോള്‍ അപ്പന്റെ പേരാണെന്ന് ഉടനെ ഞാന്‍ പറഞ്ഞു. അപ്പന്റെ പേരില്‍ മകന്‍ അല്ല അറിയപ്പെടേണ്ടത് മകന്റെ പേരില്‍ അപ്പനറിയപ്പെടണമെന്ന് മമ്മൂക്ക പറഞ്ഞു. മോന്റെ പേരില്‍ അറിയപ്പെടണമെന്ന് എന്റെ അപ്പന് ഒരാഗ്രഹമുണ്ടായിരുന്നുവെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ മമ്മൂക്ക വല്ലാതെ ചിരിച്ചു. അത് വല്ലാതെ വൈറല്‍ ആയി,” മാത്തുകുട്ടി പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി മാത്തുകുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെല്‍ദോ. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായികയായി എത്തിയത്. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.