| Saturday, 5th August 2023, 7:50 pm

ഞാൻ പറഞ്ഞത് കേട്ട് മമ്മൂക്ക എന്നെ പുച്ഛിച്ചുവിട്ടു: മാത്തുക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ജെ, നടൻ, അവതാരകൻ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ മേഖലകളിൽ പ്രേക്ഷകരിലേക്ക് എത്തിയ ആളാണ് മാത്തുക്കുട്ടി. ഇതിഹാസ എന്ന ചിത്രത്തിൽ ആർ. ജെ മാത്തുക്കുട്ടിയായി തന്നെ അദ്ദേഹത്തിന് അഭിനയിക്കാനും പറ്റി. മമ്മൂട്ടിയോട് ഈ വിഷയത്തെപ്പറ്റി സംസാരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മാത്തുക്കുട്ടി.

ആദ്യ ചിത്രത്തിൽ തന്നെ സ്വന്തം പേരിൽ അഭിനയിക്കാൻ പറ്റിയെന്നും മമ്മൂട്ടിക്കൊക്കെ നാളുകൾക്ക് ശേഷമല്ലേ സ്വന്തം പേരിൽ അഭിനയിക്കാൻ പറ്റിയതെന്നും അദ്ദേഹത്തോട് പറഞ്ഞെന്നും മാത്തുക്കുട്ടി പറഞ്ഞു. ഇതുകേട്ട മമ്മൂട്ടി തന്നെ പുച്ഛിച്ചെന്ന് തമാശയോടെ മാത്തുക്കുട്ടി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പല സീനുകളിലും അഭിനയിക്കണമെന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർമാർ വന്ന് നമ്മളെ പ്രോത്സാഹിപ്പിക്കും. അങ്ങനെ ഞാൻ അഭിനയിച്ച ചിത്രമാണ് ഇതിഹാസ. അതിലേക്ക് ആർ.ജെയെ വേണമെന്ന് പറഞ്ഞു. നമ്മുടെ പേര് അത്യാവശ്യം ആ സമയത്ത് ആളുകൾക്ക് അറിയാവുന്നതുകൊണ്ട് എന്നെ തന്നെ ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ആർ.ജെ മാത്തുക്കുട്ടിയായിട്ട് തന്നെ ഞാൻ അതിൽ അഭിനയിച്ചു.

പിൽക്കാലത്ത് ഞാൻ മമ്മൂക്കയോട് അതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അതായത് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അല്ലേ പുള്ളി ആദ്യമായിട്ട് മമ്മൂട്ടിയായിട്ട് തന്നെ അഭിനയിച്ചത്, ഞാൻ ആദ്യത്തെ സിനിമയിൽ തന്നെ ആർ. ജെ മാത്തുക്കുട്ടിയായിട്ട് അഭിനയിച്ചു. പുള്ളിക്ക് സ്വന്തം പേരിൽ അഭിനയിക്കാൻ സിനിമയിൽ വന്നിട്ട് ഒത്തിരി കാലം എടുക്കേണ്ടി വന്നു. ഒരു ഇന്റർവ്യൂവിന് ചെന്നപ്പോൾ ഞാൻ അദ്ദേഹത്തോട് അതിനെപ്പറ്റി പറഞ്ഞു. പുള്ളി എന്നെ പുച്ഛിച്ച്‌ വിട്ടു,’ മാത്തുക്കുട്ടി പറഞ്ഞു.

അഭിമുഖത്തിൽ നടി പാർവ്വതി തിരുവോത്തിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലേക്കുവേണ്ടി എങ്ങിനെയാണ് കൺസോൾ ഉപയോഗിക്കേണ്ടതെന്ന് പഠിക്കാൻ പാർവ്വതി തന്റെ കൂടെ ദിവസങ്ങളോളം റേഡിയോ സ്റ്റേഷനിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ബാഗ്ലൂർ ഡേയ്സ് നടക്കുമ്പോൾ നടി പാർവ്വതി തിരുവോത്ത് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പുള്ളിക്കാരിക്ക് സ്റ്റുഡിയോയിൽ വന്നിരിക്കാൻ പറ്റുമോയെന്നൊക്കെ എന്നോട് ചോദിച്ചിരുന്നു. കുറച്ചുദിവസം പുള്ളിക്കാരി സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. എങ്ങനെയാണ് കൺസോൾ ഉപയോഗിക്കേണ്ടതെന്ന് മനസിലാക്കാനും ആർ. ജെമാരെ പോലെ പെരുമാറാനും ആയിരുന്നു വന്നത്,’ മാത്തുക്കുട്ടി പറഞ്ഞു.

Content Highlights: R.J Mathukkutty on Mammootty

We use cookies to give you the best possible experience. Learn more