പട്‌ന: റെയില്‍വെ അഴിമതിക്കേസില്‍ തനിക്കെതിരായ ഇ.ഡി അന്വേഷണത്തെ പരിഹസിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നും നിയമപരമായി നേരിടാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാനാണ് ഇ.ഡി തയ്യാറാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നൂറ് കോടിയുടെ കണക്ക് പറയുന്നതിന് മുമ്പ് 8000 കോടിയുടെ കണക്ക് പരിശോധിക്കണ്ടേ. 2017 ലും ഇതേ പോലെ പരിശോധനയുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടെന്തുണ്ടായി. ഇവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാനെന്റെ വീട്ടില്‍ നിധിയെന്തോ കുഴിച്ചിട്ടിട്ടുണ്ടെന്ന്. അവര്‍ക്ക് ഇവിടെ നിന്ന് ഒരു ഉണ്ടയും കിട്ടിയിട്ടില്ല. അവര്‍ക്ക് വേണ്ടതൊക്കെ അവര്‍ ചെയ്യട്ടെ, ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങളും നോക്കാം,’ അദ്ദേഹം പറഞ്ഞു.
തന്നെയും തന്റെ കുടുംബത്തെയും നശിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച തേജസ്വി അദാനിക്കെതിരെ തെളിവുകള്‍ കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി തയ്യാറായില്ലെന്നും പറഞ്ഞു.
‘ഇവരുടെ അന്വേഷണം കണ്ടാല്‍ തോന്നും ഞാനാണ് അദാനിയെന്ന്. എന്റെ മുഖം കണ്ട് അദാനിയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചെന്നാണ് എനിക്ക് തോന്നുന്നത്. 8000 കോടിയുടെ അഴിമതിക്കേസ് വിട്ടിട്ട് എന്റെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നിട്ട് എന്ത് കിട്ടി. ഞങ്ങള്‍ക്കെതിരെ കള്ളക്കഥകളുണ്ടാക്കി നാടുമുഴുവന്‍ പറഞ്ഞ് നടക്കാനാണ് ഇവരുടെ ശ്രമം.
ഇതിനെല്ലാം എന്തെങ്കിലും തെളിവുണ്ടോ, ഉണ്ടെങ്കില്‍ കണക്ക് പുറത്ത് വിടട്ടെ. റെയില്‍വെ കഥ എത്ര കാലമായി നിങ്ങള്‍ പറഞ്ഞ് നടക്കുന്നു. പുതിയ കഥയൊന്നും കയ്യിലില്ലേ,’ അദ്ദേഹം ചോദിച്ചു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും ഉള്‍പ്പെട്ട റെയില്‍വെ കോഴക്കേസിലാണ് മകനായ തേജസ്വി യാദവിനെതിരെയും ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി 600 കോടിയുടെ അഴിമതി നടന്നെന്നാണ് ഇ.ഡി ആരോപിച്ചത്. എന്നാല്‍ കേസില്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഏജന്‍സി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇ.ഡി അന്വേഷണത്തെ പരിഹസിച്ച് കൊണ്ട് തേജസ്വി യാദവ് രംഗത്തെത്തിയത്.
Content Highlight: R.J.D leader Thejaswi yadav comment on E.D raid