|

സ്ത്രീ പുരുഷന്‍ എന്ന ലേബലില്‍ നോക്കാതെ ഇരുന്നാല്‍ ഇന്ത്യയിലെ മികച്ച അഭിനേതാവ് ആ മലയാളി നടിയാണ്: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ഉര്‍വശി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയ ഉര്‍വശി ഈ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി സിനിമാലോകത്തെ ഞെട്ടിച്ചു.

ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ ടോപ് ത്രീ ലിസ്റ്റില്‍ ഉര്‍വശി ഉണ്ടാകുമെന്ന് പറയുകയാണ് നടനും ആര്‍.ജെയുമായ ആര്‍.ജെ. ബാലാജി. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.

‘എല്ലാവരും ഇന്ത്യയിലെ മികച്ച അഭിനേതാക്കള്‍ എന്ന് പറയുമ്പോള്‍ ആദ്യം വിചാരിക്കുന്നത് കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, രജനികാന്ത് എന്നിങ്ങനെ പുരുഷന്‍മാരുടെ പേരുകളായിരിക്കും. എന്നാല്‍ സ്ത്രീ പുരുഷന്‍ എന്ന ലേബലില്‍ നിങ്ങള്‍ നോക്കാതെ ഇരുന്നാല്‍ മികച്ച അഭിനേതാക്കളുടെ ടോപ് ത്രീയില്‍ ഉര്‍വശിയും ഉണ്ടാകും.

ഇവര്‍ക്ക് അറിയാത്തതായി ഒന്നും ഇല്ല. ഉര്‍വശി മാമിന്റെ കൂടെ ഞാന്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. മൂക്കുത്തിയമ്മന്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ ഒരു സീനില്‍ ഉര്‍വശി വളരെ മോശമായി അഭിനയിക്കുന്നതുപോലെ തോന്നി. ഞാന്‍ പോയി ശരവണന്‍ സാറിനോട് പറഞ്ഞപ്പോള്‍ ക്യാമറ എവിടെയാണ് ഉള്ളതെന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ ചെന്ന് നോക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസേ ഇല്ലാത്ത സ്ഥലത്താണ് ഉര്‍വശി നില്‍ക്കുന്നത്.

ക്യാമറയുടെയും ആംഗിളിന്റെയും ടെക്‌നിക്ക് മനസിലാക്കി ഓരോ സ്ഥലത്തും എന്ത് കൊടുക്കണം കൊടുക്കണ്ട എന്ന് കൃത്യമായി അവര്‍ക്ക് അറിയാം. അതുപോലെതന്നെയാണ് വായനയും. ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണ് ഉര്‍വശി മാം. മലയാളം, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങള്‍ അവര്‍ വായിക്കും. എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവ് അവര്‍ക്കുണ്ട്.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളെ അല്ലെ ആയിട്ടൊള്ളു എന്നാല്‍ റേഡിയോ ജോക്കി എന്ന രീതിയില്‍ ഞാന്‍ കണ്ടിട്ടുള്ളതിലും ബ്രില്യന്റ് ആയിട്ടുള്ളത് ഉര്‍വശി മാമാണ്. എനിക്ക് എന്തെങ്കിലും നല്ലത് നടന്നാല്‍ ഒരുപാട് ഹാപ്പി ആകുന്ന ആളാണ് അവര്‍,’ ആര്‍.ജെ. ബാലാജി പറയുന്നു.

Content Highlight: R.J Balaji Talks About Urvashi