| Monday, 2nd December 2024, 11:17 am

തമിഴ് സിനിമയില്‍ അവരെ കാണിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും; എന്താണ് ഈ കാണിച്ച് വെച്ചിരിക്കുന്നതെന്ന് തോന്നും: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

തമിഴ് സിനിമകളില്‍ തെറാപ്പിസ്റ്റുകളെ കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍.ജെ. ബാലാജി. തെറാപ്പിസ്റ്റുകളെ തമിഴ് സിനിമയില്‍ കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര ദേഷ്യവും വെറുപ്പും വരുമെന്ന് അദ്ദേഹം പറയുന്നു. സെക്‌സ് എഡ്യൂക്കേഷന്‍ എന്ന സീരീസിലെ തെറാപ്പിസ്റ്റിനെ മനോഹരമായാണ് അവര്‍ അതില്‍ കാണിച്ചിരിക്കുന്നതെന്നും തമിഴ് സിനിമകളിലേക്ക് വരുമ്പോള്‍ അത് കോമഡി പീസായി മാറുകയും ചെയ്യുന്നെന്ന് ബാലാജി കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ തെറാപ്പിസ്റ്റിനെ കാണിക്കുമ്പോള്‍ പൊതുവെ ഇരുട്ടുള്ള മുറിയില്‍ മെഴുകുതിരിയും കത്തിച്ച് വെച്ച് ഇരിക്കുന്നതായിട്ടാണ് കാണിക്കുകയെന്നും ഇതൊക്കെ കണ്ടാല്‍ തെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോകാന്‍ തന്നെ ഭയമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ജെ. ബാലാജി.

‘തമിഴ് സിനിമയിലെല്ലാം തെറാപ്പിസ്റ്റിനെ കാണിച്ച് വെച്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ദേഷ്യവും വെറുപ്പുമെല്ലാം വരും. സെക്‌സ് എഡ്യൂക്കേഷന്‍ സീരീസില്‍ ആ പയ്യന്റെ അമ്മ ഒരു തെറാപ്പിസ്റ്റാണ്. നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ തെറാപ്പിസ്റ്റെല്ലാം കോമഡി പീസായി മാറുന്നു.

ആദ്യമെല്ലാം സിനിമയില്‍ തെറാപ്പിസ്റ്റിനെ കാണിക്കുമ്പോള്‍ ഒരു ഇരുട്ട് മുറിയില്‍ മെഴുകുതിരിയെല്ലാം കത്തിച്ച് വെച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് അഞ്ച് വയസ്, എന്ത് ചെയ്യുകയാണെന്നെല്ലാം ചോദിക്കും. വര്‍ഷം ഇത്രയും കഴിഞ്ഞത് അവര്‍ അറിയുന്നില്ലെന്ന് തോന്നുന്നു. ഇതുതന്നെ പ്രഭു സാര്‍ ഒരു സിനിമയില്‍ തെറാപ്പിസ്റ്റാണോ പ്രേതത്തെ ഓടിപ്പിക്കുന്ന ആളാണോ എന്നറിയില്ല, മെഴുകുതിരിയെല്ലാം കത്തിച്ച് ഇരുട്ട് മുറിയില്‍ ഇരിക്കുന്നതായി കാണിക്കും.

ഇങ്ങനെ എല്ലാം ഉണ്ടായാല്‍ തെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോകാന്‍ തന്നെ പേടി ആയിരിക്കില്ലേ. അപ്പുറത്തെ വശത്താണെങ്കില്‍ നമുക്ക് ഒരു തെറാപ്പിസ്റ്റിനെ കാണാന്‍ കൊതിയാകുന്ന രീതിയിലും എടുത്ത് വെച്ചിരിക്കുന്നു,’ ആര്‍.ജെ. ബാലാജി പറയുന്നു.

Content Highlight: R.J Balaji Talks About Portrayal Of Therapist In Tamil Cinema

Latest Stories

We use cookies to give you the best possible experience. Learn more