മമ്മൂട്ടി സാറിന്റെ ആ ചിത്രം പോലെയാണ് സൂര്യയുടെ സിനിമ ഞാന്‍ എഴുതിയത്: ആര്‍.ജെ. ബാലാജി
Entertainment
മമ്മൂട്ടി സാറിന്റെ ആ ചിത്രം പോലെയാണ് സൂര്യയുടെ സിനിമ ഞാന്‍ എഴുതിയത്: ആര്‍.ജെ. ബാലാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 9:01 am

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജിയാണ്.

സൂര്യ 45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആര്‍.ജെ.ബാലാജി. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലെ പോലെ ഓരോ നാട്ടിലും പോയാണ് ചിത്രത്തിന്റെ കഥ പൂര്‍ത്തിയാക്കിയതെന്ന് ബാലാജി പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘എനിക്ക് എന്ത് നല്ല കാര്യം നടന്നാലും എന്റെ വീട്ടുകാരല്ലാതെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ ടീമാണ്. ഇപ്പോള്‍ ഞാന്‍ സൂര്യ സാറിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയാണല്ലോ. ഈ സിനിമ എനിക്ക് ഒരു ട്രാവല്‍ ആണ്. ഞങ്ങള്‍ ഒരു പതിനാല്, പതിനഞ്ച് മാസം ഇതിന് വേണ്ടി കഥയെഴുതിയിട്ടുണ്ട്. ഈ കഥ എഴുതുമ്പോള്‍ ആ വേഷം ഇയാള്‍ ചെയ്യണം, അതുപോലെ ചെയ്യണം, അങ്ങനെയൊക്കെ എടുക്കണം, ഇത്രയും ബഡ്ജറ്റ് വേണം, ആ സിനിമ ചെയ്യുന്നതുകൊണ്ട് നമുക്ക് നല്ല പേര് ലഭിക്കണം എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു.

ഞങ്ങള്‍ അടിപൊളിയായി ഒരു ജോലി ചെയ്യുന്നു. അത് മാത്രം വിചാരിച്ചിട്ടാണ് ഈ സിനിമ ചെയ്യുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന മമ്മൂട്ടി സാറിന്റെ ഒരു സിനിമയില്ലേ, ആ ചിത്രത്തില്‍ അവരുടെ ടീം ഓരോ നാട്ടിലും പോയാണല്ലോ കേസ് പരിഹരിക്കുന്നത്. അതെ പോലെത്തന്നെയാണ് ഞങ്ങളുടെ ടീമും. പതിനാല് മാസം മുമ്പ് സിനിമ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇ.സി.ആറില്‍ ഉള്ള ഓരോ വീട്ടിലും പോയി താമസിച്ചിട്ടുണ്ട്.

ആ സമയത്തെ പ്രോസസ്സ് ഞങ്ങള്‍ക്ക് നന്നായിട്ട് ഇഷ്ടമായിരുന്നു. നല്ല ജോളി ആയി ഹാപ്പിയായി ഞങ്ങള്‍ ജോലി ചെയ്തിരുന്നു. അയ്യോ നാളെ ജോലിക്ക് പോണമല്ലോ എന്നില്ലായിരുന്നു. സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ എല്ലാവരും. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഞാന്‍ സംവിധാനം ചെയ്താലും അഭിനയിച്ചാലും ആദ്യം സന്തോഷം ആകുന്നത് എന്റെ ടീമിനാണ്. എന്റെ വിജയത്തില്‍ അവര്‍ക്കും എന്തെങ്കിലും പങ്കുണ്ടായിരിക്കും,’ ആര്‍.ജെ. ബാലാജി പറയുന്നു.

Content Highlight: R.J Balaji Talks About Kannur Squad And Surya 45