| Wednesday, 27th November 2024, 3:27 pm

തമിഴിലെ കംപ്ലീറ്റ് പാക്കേജെന്ന് ആ നടനെ വിളിക്കാന്‍ കഴിയും: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തൈളിയിച്ചു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജിയാണ്. തമിഴ് സിനിമയെ ഒട്ടാകെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു ഇത്.

നിലവില്‍ തമിഴിലെ പ്രോമിസിങ്ങായിട്ടുള്ള നടന്‍ ശിവകാര്‍ത്തികേയനെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി. തമിഴ് സിനിമയിലെ കംപ്ലീറ്റ് പാക്കേജാണ് ശിവകാര്‍ത്തികേയനെന്ന് ബാലാജി പറഞ്ഞു. താനും ശിവയും വളരെ നല്ല സുഹൃത്തുക്കളാണെന്നും വേലൈക്കാരന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് തങ്ങള്‍ കൂടുതല്‍ സൗഹൃദത്തിലായതെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ ഷൂട്ടിനിടയില്‍ തങ്ങള്‍ തമ്മില്‍ പലപ്പോഴായി സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശിവയോടൊപ്പമുള്ള ഓര്‍മകള്‍ എന്താണെന്ന് ചോദിച്ചാല്‍ അത്തരം സംഭാഷണങ്ങളായിരിക്കുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് ശേഷം തങ്ങള്‍ വല്ലപ്പോഴും മാത്രമേ കാണാറുള്ളൂവെന്നും കാണുമ്പോള്‍ ഒരുപാട് നേരം സംസാരിക്കുമെന്നും ബാലാജി പറഞ്ഞു. കുമുദം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം പറഞ്ഞത്.

‘ശിവകാര്‍ത്തികേയനെപ്പറ്റി ഒറ്റവാക്കില്‍ പറഞ്ഞാല്‍ അയാള്‍ ഒരു കംപ്ലീറ്റ് പാക്കേജാണ്. തമിഴില്‍ അങ്ങനെ തോന്നിയിട്ടുള്ള ചുരുക്കം നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്റെ കരിയറിന്റെ തുടക്കകാലത്താണ് ഞാന്‍ ശിവയുമായി പരിചയത്തിലാകുന്നത്. വേലൈക്കാരന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഞങ്ങള്‍ കമ്പനിയാകുന്നത്. ഒരുപാട് നേരം ഞങ്ങള്‍ സംസാരിച്ചിരിക്കും. ആ സിനിമക്ക് ശേഷം വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ കാണാറുള്ളൂ. കണ്ടാല്‍ ഒരുപാട് നേരം സംസാരിച്ചുകൊണ്ടിരിക്കും,’ ബാലാജി പറയുന്നു.

അതേസമയം ബാലാജി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സൊര്‍ഗവാസല്‍ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ സിദ്ധാര്‍ത്ഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലാജിക്ക് പുറമെ ഷറഫുദ്ദീന്‍, സാനിയ ഇയ്യപ്പന്‍, ഹക്കിം ഷാ, സെല്‍വരാഘവന്‍, നട്ടി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: R J Balaji saying that Sivakarthikeyan is the complete package in Tamil cinema

We use cookies to give you the best possible experience. Learn more