റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് ചെറുതും വലുതുമായ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് ആര്‍.ജെ.ബാലാജി. 2020ല്‍ മൂക്കുത്തി അമ്മന്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തും തന്റെ കഴിവ് തെളിയിച്ച ബാലാജിയുടെ ഏറ്റവും പുതിയ ചിത്രമാണ് സിങ്കപ്പൂര്‍ സലൂണ്‍. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് സിനിമ അനിമലിനെപ്പറ്റി നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘അനിമല്‍ എന്ന സിനിമ ഞാന്‍ കണ്ടിട്ടേയില്ല. സിനിമയെ സിനിമയായി കാണൂ, അതൊരു ക്രാഫ്റ്റാണ് എന്നൊക്കെ പറഞ്ഞാലും അടച്ചിട്ട ഒരു തിയേറ്ററില്‍ 1000 പേര്‍ ഒരുമിച്ചിരുന്ന്, ഒരു പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നതോ മോശം ഭാഷയില്‍ വഴക്ക് പറയുന്നതോ അബ്യൂസ് ചെയ്യുന്നതോ ഒക്കെ കണ്ട് കൈയടിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മോശം കാര്യമാണ്. വേറെയൊരു കാര്യം, ഞാനും ഒരു സംവിധായകനാണ്. ഈ സിനിമ കാണുമ്പോള്‍, ഇതിനെല്ലാം കൈയടി കിട്ടുന്നുണ്ടല്ലോ എന്ന് കണ്ട് ഞാനും അതുപോലെ ചെയ്യാമെന്ന തോന്നല്‍ പോലും ഉണ്ടാവാന്‍ പാടില്ല’ ബാലാജി പറഞ്ഞു.
രണ്‍ബീര്‍ കപൂറിനെ നായകനാക്കി, സന്ദീപ് വാങ്കാ റെഡ്ഡി സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രങ്ങളിലൊന്നായ അനിമലിന്റെ ആഗോള കളക്ഷന്‍ 900 കോടിയോളമാണ്. അച്ഛനോടുള്ള അമിതമായ സ്‌നേഹം കൊണ്ട് മൃഗത്തെപ്പോലെ പെരുമാറുന്ന രണ്‍വിജയ് സിങ് എന്ന യുവാവിന്റെ കഥയാണ് അനിമല്‍. ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളും പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു.
രണ്‍ബീര്‍ കപൂര്‍, രാഷ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിംറി എന്നിവരാണ് അനിമലിലെ പ്രധാന താരങ്ങള്‍. തിയേറ്റര്‍ റിലീസിന് ശേഷം കഴിഞ്ഞ ദിവസം ഓ.ടി.ടി. യിലും സ്ട്രീമിങ് ആരംഭിച്ചു.
Content Highlight: R.J Balaji saying that he cannot watch Animal movie