ശങ്കര്‍ സാറിനോട് നോ പറയേണ്ടി വന്നതിന്റെ കാരണം ഇതാണ്; ആര്‍.ജെ ബാലാജി
Entertainment
ശങ്കര്‍ സാറിനോട് നോ പറയേണ്ടി വന്നതിന്റെ കാരണം ഇതാണ്; ആര്‍.ജെ ബാലാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th January 2024, 9:02 am

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച്, സിനിമാ നടനായും സംവിധായകനുമായി മാറിയ നടനാണ് ആര്‍.ജെ ബാലാജി. 2006ലാണ് ബാലാജി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2013 മുതല്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ സജീവമായി നിന്ന ബാലാജി 2018ല്‍ പുറത്തിറങ്ങിയ എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി. സിനിമയുടെ തിരക്കഥയും ബാലാജി തന്നെയായിരുന്നു. 2020ല്‍ മൂക്കുത്തി അമ്മന്‍ എന്ന സിനിമയിലൂടെ സംവിധായകന്റെ കുപ്പായവും അണിഞ്ഞു.

ഗോകുല്‍ സംവിധാനം ചെയ്യുന്ന സിങ്കപ്പൂര്‍ സലൂണാണ് ബാലാജിയുടെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തലാണ് സംവിധായകന്‍ ശങ്കറിനോട് നോ പറയേണ്ടി വന്ന സംഭവത്തെപ്പറ്റി ബാലാജി പറഞ്ഞത്. ‘ശങ്കര്‍ സാറിനെ ആദ്യമായി കാണുന്നത് 2.0 ന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ്. ആ പരിപാടിയുടെ ഹോസ്റ്റ് ഞാനായിരുന്നു. പരിപാടിക്ക് ശേഷം ശങ്കര്‍ സര്‍ എന്നോട് വന്ന് സംസാരിച്ചു. കമന്ററി ഒക്കെ കേള്‍ക്കാറുണ്ടന്നും അദ്ദേഹത്തിനും കുടുംബത്തിനും വളരെ ഇഷ്ടമാണെന്നും പറഞ്ഞു.

പിന്നീടാണ് ഇന്ത്യന്‍ 2 എന്ന സിനിമ പ്ലാനില്‍ ഉണ്ടെന്നും എനിക്ക് അതില്‍ ഒരു വേഷമുണ്ടെന്നും പറയുന്നത്. ബാക്കി കഥാപാത്രങ്ങളെ ഓഡിഷന്‍ വഴിയാവും തെരഞ്ഞെടുക്കുക. നിനക്ക് ഓഡിഷന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. ശങ്കര്‍ സാര്‍ ഓഡിഷന്‍ നടത്താതെ നമ്മളെ തെരഞ്ഞെടുത്തല്ലോ എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഞാന്‍ അദ്ദേഹത്തിനോട് ഓകെ പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങാന്‍ വല്ലാതെ വൈകി. അതിനിടയിലാണ് എല്‍.കെ.ജി സംഭവിക്കുന്നത്. അതിന് ശേഷം ഇന്ത്യന്‍ 2 ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സാര്‍ ഈ കഥാപാത്രം എനിക്ക് ഇപ്പോള്‍ ചേരുമോ എന്ന് സംശയമുണ്ട്. കാരണം ഞാന്‍ ഇപ്പോള്‍ എല്‍.കെ.ജി സിനിമ ചെയ്ത് ഇരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു.

ഒന്ന് ആലോചിച്ചപ്പോള്‍ സാറിനും അത് ശരിയാണെന്ന് തോന്നി. അദ്ദേഹം ഓള്‍ ദ ബെസ്റ്റ് ഒക്കെ തന്നു’ ബാലാജി പറഞ്ഞു. കിഷന്‍ ദാസ്, മീനാക്ഷി ചൗധരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഈശരി.കെ. ഗണേഷാണ് ചിത്രംം നിര്‍മിക്കുന്നത്. ജനുവരി 26ന് സിങ്കപ്പൂര്‍ സലൂണ്‍ റിലീസ്.

Content Highlight: R J Balaji explains why he rejected his role in Indian 2