| Wednesday, 16th October 2024, 8:10 am

ആർ.ജി.കാർ ബലാത്സംഗ കേസിൽ എന്തുകൊണ്ട് കാര്യമായ പുരോഗതിയില്ല: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെയും കാര്യമായ പുരോഗതി ഒന്നും തന്നെ ഇല്ലാത്തതെന്താണെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഉത്തരവിന് അനുസൃതമായി കേന്ദ്രസർക്കാർ രൂപീകരിച്ച നാഷണൽ ടാസ്‌ക് ഫോഴ്‌സ് (എൻ.ടി.എഫ്) കാര്യമായി പ്രവർത്തിച്ചിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

2024 സെപ്‌റ്റംബർ ആദ്യവാരം മുതൽ ഒരു യോഗവും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ടി.എഫ് കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

‘സെപ്റ്റംബർ ഒമ്പതിന് ശേഷം ടാസ്‌ക് ഫോഴ്‌സ് എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് സെപ്തംബർ ഒമ്പതിന് ശേഷം ഇന്ന് വരെ ഒരു പുരോഗതിയും ഉണ്ടാകാത്തത്? ഭാവിയിൽ ടാസ്‌ക് ഫോഴ്‌സിൻ്റെ പ്രവർത്തനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ കരുതുന്നു,’ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഉടൻ തന്നെ അടുത്ത മീറ്റിങ് നടക്കണമെന്നും ലിസ്റ്റിങ്ങിന്റെ അടുത്ത തീയതിക്കകം എൻ.ടി.എഫ് തയാറാക്കുന്ന താത്കാലിക ശുപാർശകളെക്കുറിച്ച് സുപ്രീം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ഫലപ്രദമായ ശുപാർശകൾ രൂപപ്പെടുത്താനാണ് എൻ.ടി.എഫ് രൂപീകരിച്ചത്.

അതെ സമയം ആർ.ജി കാർ ആശുപത്രി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഒക്‌ടോബർ 15 ചൊവ്വാഴ്ച പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Content Highlight: R.G. Kar case: ‘Why is there no substantial progress?’ asks the Supreme Court

We use cookies to give you the best possible experience. Learn more