കഴിഞ്ഞ ദിവസം (വ്യാഴായ്ച്ച) ഐ.പി.എല്‍ ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. പുതിയ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്.
മൂന്ന് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയത്. വിരാട് കോഹ്ലി, രജത് പാടിദാര്‍, യാഷ് ദയാല്‍ എന്നിവരെയാണ് ആര്‍.സി.ബി വിടാതെ ചേര്‍ത്തുപിടിച്ചത്. ഇതോടൊപ്പം പുതിയ സീസണില്‍ ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോഹ്‌ലി തിരിച്ചെത്തുന്ന വാര്‍ത്തകളും ഏറെ ചര്‍ച്ച ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബെംഗളൂരു ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. വിരാടിനെ ക്യാപ്റ്റനായി തിരിച്ചെത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബാറ്റ്. താരത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഫ്രാഞ്ചൈസി ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നാണ് അദ്ദേഹം പഞ്ഞത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആര്‍.സി.ബി ഡറക്ടര്‍ പറഞ്ഞത്
‘വിരാട് കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുത്തിട്ടില്ല. എല്ലാവരെയും നിരാശപ്പെടുത്തുന്നതില്‍ ഞാന്‍ ഖേദിക്കുന്നു, പക്ഷേ ഞങ്ങള്‍ ഇപ്പോഴും ഓപ്ഷനുകള്‍ക്കായി തുറന്നിരിക്കുന്നു. ഫാഫിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി മികച്ച ജോലി ചെയ്തു. ഞങ്ങള്‍ തുറന്ന മനസോടെ ലേലത്തിലേക്ക് പോകും,’അദ്ദേഹം ജിയോസിനിമയോട് പറഞ്ഞു.
എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ ഫാഫിനെ ലേലത്തില്‍ വിട്ടയച്ചതോടെ ഇക്കാര്യത്തില്‍ ഏറെക്കുറെ സ്ഥിരീകരണം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് വിരാട് ക്യാപ്റ്റനാകുന്ന കാര്യം ചോദ്യ ചിഹ്നമാണ്.
ഫാഫിന് പുറമെ ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് അടക്കമുള്ള വിശ്വസ്തരെ ടീം നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ ആര്‍.ടി.എമ്മിലൂടെ ഇവരില്‍ പലരെയും തിരിച്ചെത്തിക്കാനും ബെംഗളൂരുവിന് സാധിക്കും.