| Wednesday, 3rd April 2024, 8:16 am

ബെംഗളൂരുവിന് മൂന്നാം തോല്‍വി; ഇനി മുംബൈയുടെ കൂടെ കുത്തിപ്പിടിച്ച് നടക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്‌നൗവിന് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ലഖ്‌നൗവിനുവേണ്ടി മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്കും കെ.എല്‍. രാഹുലും നല്‍കിയത്. 56 പന്തില്‍ അഞ്ച് സിക്‌സറും 8 ബൗണ്ടറിയും ഉള്‍പ്പെടെ 81 റണ്‍സ് ആണ് ഡി കോക്ക് അടിച്ചെടുത്തത്. രാഹുല്‍ 20 റണ്‍സിന് പുറത്തായെങ്കിലും ശേഷം ഇറങ്ങിയ മധ്യനിര ബാറ്റര്‍ നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

21 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും അടക്കം 40 റണ്‍സാണ് പൂരന്‍ നേടിയത്. 190.48 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ അവസാനത്തെ രണ്ട് ഓവറിലാണ് താരം അഞ്ചു സിക്‌സറുകളും പറത്തിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 15 പന്തില്‍ നിന്ന് 24 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ബെംഗളൂരു ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വച്ചത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. നാലു ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചു. റീസ് ടോപ്‌പ്ലെ, യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു തുടക്കത്തിലെ തകരുകയായിരുന്നു. 16 പന്തില്‍ 22 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്തായപ്പോള്‍ ഫാഫ് ഡു പ്ലെസിസ് 19 റണ്‍സില്‍ റണ്‍ ഔട്ടായി. തുടര്‍ന്ന് രജത് പാടിദാര്‍ 29 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മാക്‌സി പൂജ്യത്തിനും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 9 റണ്‍സ് നേടി നിരാശപ്പെടുത്തി. ടീമിനുവേണ്ടി ഇമ്പാക്ട് പ്ലെയര്‍ മഹിപാല്‍ ലാംറോര്‍ 33 റണ്‍സ് നേടിയ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ലഖ്‌നൗവിന് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചത് മയങ്ക് യാദവാണ്. നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 3.50 എന്ന് തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹക്ക് 3.4 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി സമാന പ്രകടനം കാഴ്ചവച്ചു. എം സിദ്ധാര്‍ത്ഥ് മാര്‍ക്കസ് സ്റ്റോയിനിസ് യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഇതോടെ പോയിന്റ് ടേബിള്‍ ആര്‍.സി.ബി ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആറു പോയിന്റോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും അവസാനം പോയിന്റുകള്‍ ഒന്നുമില്ലാതെ മുംബൈ ഇന്ത്യന്‍സ് അവസാനവുമാണ് ഉള്ളത്.

Content Highlight: R.C.B Lose Against L.S.G

We use cookies to give you the best possible experience. Learn more