വിമണ്‍സ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജെയിന്റ്നെസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂര്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. വഡോദര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സിനാണ് ഗുജറാത്തിനെ ആര്‍.സി.ബി തളച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഡബ്ല്യു.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ് ഫുള്‍ റണ്‍ ചെയ്‌സാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. 2024ല്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിനെതിരെ നേടിയ 191 റണ്‍സിന്റെ റെക്കോഡാണ് ബെംഗളൂരു വിമണ്‍സ് തകര്‍ത്തത്.
എന്നാല്‍ ഇതിനെല്ലാം പുറമേ ഒരു ലോക റെക്കോഡും ബെംഗളൂരു സ്വന്തമാക്കിയിരിക്കുകയാണ്. വിമണ്‍സ് ടി 20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയകരമായ ടാര്‍ഗറ്റ് ചെയ്‌സിങ്ങാണ് ബെംഗളൂരു നേടിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് വെസ്റ്റ് ഇന്‍ഡീസ് വിമണ്‍സാണ്. ഓസ്‌ട്രേലിയക്കെതിരെ 2023ല്‍ 213 റണ്‍സ് നേടി വിന്‍ഡീസ് വിജയം സ്വന്തമാക്കിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് – 213 – ഓസ്‌ട്രേലിയ – 2023
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 202 – ഗുജറാത്ത് ജെയ്ന്റ്‌സ് – 2025
ഇംഗ്ലണ്ട് -199 -ഇന്ത്യ – 2018
മുംബൈ ഇന്ത്യന്‍സ് – 191 – ഗുജറാത്ത് ജെയ്ന്റ്‌സ് – 2024
മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് റിച്ചാ ഘോഷാണ്. 27 പന്തില്‍ നിന്ന് 64 റണ്‍സ് ആണ് താരം നേടിയത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് പുറത്താകാതെ താരം നേടിയത്.
താരത്തിന് പുറമേ എല്ലിസ് പെരി 34 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയിരുന്നു. രണ്ട് സിക്‌സും ആറ് ഫോറും ആണ് എല്ലിസ് നേടിയത്. ഗുജറാത്ത് ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ണര്‍ രണ്ട് വിക്കറ്റും ഡീന്‍ട്രാ ഡോട്ടിന്‍, സയാലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഗുജറാത്തിനു വേണ്ടി ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ആഷ്ലി തന്നെയായിരുന്നു. 37 പന്തില്‍ നിന്ന് എട്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത്. 213. 51 എന്ന കിടിലം സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. താരത്തിന് പുറമേ മികച്ച പ്രകടനമാണ് ഓപ്പണര്‍ ബെത് മൂണി നടത്തിയത്. 42 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 56 റണ്‍സ് ആണ് താരം നേടിയത്.
ബെംഗളൂരുവിനു വേണ്ടി രേണുക സിങ് രണ്ടു വിക്കറ്റും കനിക അഹൂജ, ജോര്‍ജിന വെര്‍ഹാം, പ്രേമ റാവത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഡബ്ല്യു.പി.എല്ലില്‍ ഇന്ന് (ശനി) നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സുമാണ് ഏറ്റുമുട്ടുന്നത്. വൈകിട്ട് 7: 30നാണ് മത്സരം.
Content Highlight: R.C.B In Great Record Achievement In W.P.L