തിരുവനന്തപുരം: ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ പരാമര്‍ശം ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയില്‍ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയായിരുന്നു ആര്‍. ബന്ദുവിന്റെ പ്രതികരണം.
‘കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. അവര്‍ക്ക് ആ പ്രയാസം കരിയറില്‍ എമ്പാടും അനുഭവിച്ച ശ്രീമതി. ഉഷ നല്‍കുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്.
ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെണ്‍വേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവര്‍ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.
രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി. ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകള്‍ അവര്‍ തിരുത്തണം. ഇന്ത്യന്‍ ഭരണഘടന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന നീതി ഇരകളാക്കപ്പെട്ടവര്‍ക്ക് ഉറപ്പാക്കാന്‍ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ശ്രീമതി ഉഷക്ക് ഉത്തരവാദിത്തമുണ്ട്,’ ആര്‍. ബിന്ദു പറഞ്ഞു.
അതേസമയം, നേരത്തെ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ കായിക സിനിമ മേഖലകളില്‍ നിന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്ക് പുറമെ മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന കപില്‍ ദേവ്, സിനിമാ താരം സ്വര ഭാസ്‌കര്‍, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.