ട്രോളുകള്‍ നന്നായി, അങ്ങനെയെങ്കിലും ഞാന്‍ അവതരിപ്പിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യുമല്ലോ; പറഞ്ഞ വാക്കില്‍ നല്ല ധാരണയുണ്ട്: ആര്‍.ബിന്ദു
Kerala News
ട്രോളുകള്‍ നന്നായി, അങ്ങനെയെങ്കിലും ഞാന്‍ അവതരിപ്പിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യുമല്ലോ; പറഞ്ഞ വാക്കില്‍ നല്ല ധാരണയുണ്ട്: ആര്‍.ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2023, 11:24 pm

തിരുവനന്തപുരം: ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.

സാമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെ സൂചിപ്പിക്കുന്നതിനായി താന്‍ മനപൂര്‍വ്വമാണ് സ്ത്രീ അവളുടെ വീടിനെ തലയില്‍ ചുമക്കുന്നെന്ന് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. താന്‍ ഉപയോഗിച്ച പദത്തെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ചില ഫോട്ടോകള്‍ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ഡോണ്ട് ടേക്ക് യുവര്‍ ഹൗസ് ഇന്‍ യുവര്‍ ഹെഡ് ഓള്‍ ദി ടൈം’ എന്ന പ്രയോഗം ആദ്യമായി കേള്‍ക്കുന്നത് ഫെമിനിസ്റ്റ് രാഷ്ട്രീയവും പോസ്റ്റ് കൊളോണിയല്‍ തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള തന്റെ അധ്യാപികയില്‍ നിന്നാണെന്ന് ബിന്ദു പറഞ്ഞു. കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തില്‍ ഇരുത്തി ക്ലാസ്സില്‍ ചെല്ലുമ്പോള്‍ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവര്‍ ഈ പദം പറഞ്ഞിരുന്നതായി ബിന്ദു വ്യക്തമാക്കി.

കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി സ്ത്രീകളുടെ സദസ്സുകളില്‍ എത്രയോ തവണ താന്‍ അത് പറഞ്ഞിട്ടുണ്ടെന്നും സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകളുള്ള ഒരുപാട് സര്‍ഗ്ഗപ്രതിഭകള്‍ തങ്ങളുടെ രചനകളില്‍ ഈ ആശയം ഉപയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചിത്രകാരികളും കവികളും കഥാകാരികളും ഇതുപയോഗിച്ചിട്ടുണ്ട. ഈ ആശയ പരിസരങ്ങളെ പരിചയമുള്ളവര്‍ക്ക് അത് മനസ്സിലാകും. റെനിന്റെയും മാര്‍ട്ടിന്റെയും കാലത്ത് നിന്ന് വളര്‍ന്നിട്ടില്ലാത്തവര്‍ക്ക് അത് പിടികിട്ടില്ല. അത് അവരുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീയുടെ സ്ഥാനം വീടിനകത്താണെന്ന് കരുതുന്ന സംഘപരിവാര നേതാക്കളുടെ അനുയായികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല താന്‍ പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.

‘ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ക്രൂരമായ കൂട്ടാബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവര്‍ക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാന്‍ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല ഞാന്‍ പറഞ്ഞ കാര്യങ്ങള്‍,’ അവര്‍ പറഞ്ഞു.


ട്രോളുകള്‍ നന്നായെന്നും അങ്ങനെയെങ്കിലും ഞാന്‍ അവതരിപ്പിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമല്ലോയെന്നും മന്ത്രി പറഞ്ഞു.

‘ട്രോളുകള്‍ നന്നായി. അങ്ങനെയെങ്കിലും ഞാന്‍ അവതരിപ്പിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമല്ലോ. ഇതോടൊപ്പം ചില ചിത്രങ്ങള്‍ പങ്കുവെക്കുന്നു. ഞാനുപയോഗിച്ച അതേ പ്രയോഗം ടൈറ്റില്‍ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകള്‍ അടക്കം. തങ്ങള്‍ക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സര്‍വ്വജ്ഞര്‍ക്ക് വിനയപൂര്‍വ്വം,’ ബിന്ദു പറഞ്ഞു.

 

Content Highlight: R Bindu explained  her speech in india today again