കോട്ടയം: എം.ജി. സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫ് നേതാക്കളെ ആക്രമിച്ച എസ്.എഫ്.ഐക്കാരില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. വാര്‍ത്തയില്‍ പറഞ്ഞ പേരില്‍ ഒരു സ്റ്റാഫംഗം തന്റെ ഓഫീസിലില്ലെന്ന് ബിന്ദു വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് സെനറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം.ജി. സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായത്. എ.ഐ.എസ്.എഫ് സംസ്ഥാന വനിതാ നേതാവിനടക്കം സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാജോ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
‘എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കെ.എസ്.യു മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഏകപക്ഷീയമായി വിജയം പ്രതീക്ഷിച്ചിടത്ത് നിന്നാണ് എ.ഐ.എസ്.എഫ് വരുന്നത്. അത് എസ്.എഫ്.ഐയ്ക്ക് വലിയ തിരിച്ചടിയായി,’ ഷാജോ പറയുന്നു.
വോട്ടിംഗിന് മുന്‍പ് തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയാറായപ്പോള്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ ഋഷിരാജ്, അമല്‍ എന്നിവരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഷാജോ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഫഹദിനും മര്‍ദനമേറ്റിട്ടുണ്ട്.
ഇതിന് പിന്നാലെ തനിക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലാത്സംഗ ഭീഷണിയുയര്‍ത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പറഞ്ഞ് എ.ഐ.എസ്.എഫ് സംസ്ഥാന വനിതാ നേതാവും രംഗത്തെത്തി.
അങ്ങനെയൊരു സ്റ്റാഫ് അംഗം എനിക്കില്ല; അപലപനീയമാണ് ചില മാധ്യമങ്ങളുടെ രീതി.
എം ജി സര്‍വ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന വിദ്യാര്‍ഥിസംഘര്‍ഷം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിലേക്ക് അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചു – എന്റെ ഓഫീസിലെ ഒരു സ്റ്റാഫംഗം അക്രമത്തില്‍ ഉള്‍പ്പെട്ടുവെന്നാണ് ചിലര്‍ വാര്‍ത്ത നല്‍കിയത്.
വാര്‍ത്തയില്‍ പറഞ്ഞ പേരില്‍ ഒരു സ്റ്റാഫംഗം എന്റെ ഓഫീസില്‍ ഇല്ലതന്നെ!
വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തുന്നതാണ് മാധ്യമധര്‍മ്മം. മിക്കവരും അത് ചെയ്തു; സന്തോഷം.