| Tuesday, 13th June 2023, 9:46 pm

വീടിനെ തലക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകള്‍ക്ക് എന്ന് തന്നയാണ് പറഞ്ഞത്; മനസിലാകാത്ത ബുദ്ധിജീവികള്‍ പങ്കാളിയോട് ചോദിക്കട്ടെ: ഇന്ത്യ ടുഡേയിലെ ഇംഗ്ലീഷ് വിവാദത്തില്‍ ആര്‍.ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.

വീടിനെ തലക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകള്‍ക്ക് എന്നുതന്നെയാണ് പറഞ്ഞതെന്നും അത് മനസിലാകാത്ത ബുദ്ധിജീവികള്‍ പങ്കാളിയോട് ചോദിച്ച് മനസിലാക്കട്ടെയെന്നും ബിന്ദു പറഞ്ഞു. വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘വീടിനെ തലക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകള്‍ക്ക്, അവര്‍ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികള്‍ വീട്ടില്‍ പങ്കാളിയോട് ചോദിച്ചു മനസ്സിലാക്കട്ടെ,’ ബിന്ദു പറഞ്ഞു.

പറഞ്ഞ ഭാഗം ആദ്യം കേട്ടുനോക്കാനും പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂവെന്നും മന്ത്രി പറഞ്ഞു.

‘കൊളോണിയല്‍ ബുദ്ധികളായ കുറേ ബഹുമാന്യര്‍ ഉത്സാഹിച്ചുണ്ടാക്കിയ ട്രോള്‍ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവന്‍ കേള്‍ക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവര്‍ക്ക് മറുപടി നല്‍കി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ,’ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ബിന്ദുവിന്റെ പ്രസംഗത്തെ മുന്‍ നിര്‍ത്തി നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും എന്നാല്‍ ഒരു കോളേജ് അധ്യാപികക്ക്, ഡോക്ടറല്‍ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണെന്നെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ബിന്ദു പറഞ്ഞ വാചകങ്ങള്‍ ട്രാന്‍സ്‌ലേറ്ററില്‍ ഇട്ടുനോക്കിയപ്പോള്‍ ഞാന്‍ എവിടെ പോയാലും എന്റെ വീട് തലയില്‍ പിടിക്കുന്നു’ എന്നാണെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. തരൂരിനെ പോലെ മന്ത്രി സംസാരിക്കണമെന്നില്ലെന്നും എന്നാല്‍ മന്ത്രി ഇംഗ്ലീഷ് വിഭാഗം മേധാവിയായിക്കെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയേണ്ടതുണ്ടെന്നും ചിലര്‍ ഉന്നയിച്ചിരുന്നു.

Content Highlight: R Bindu about her speech in india today

We use cookies to give you the best possible experience. Learn more