| Tuesday, 14th May 2024, 12:24 pm

'കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ'; സന്നിധാനന്ദന് പിന്തുണയുമായി ആര്‍. ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി ഉന്നതവിദ്യാഭ്യസ മന്ത്രി ഡോ. ആര്‍. ബിന്ദു. പരിമിതസാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന സന്നിധാനന്ദനെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മറ്റും ചില ക്ഷുദ്ര മനസ്‌കര്‍ പരിഹസിച്ചപ്പോള്‍
ഉള്ള് നീറിയെന്ന് ആര്‍. ബിന്ദു പറഞ്ഞു.

‘കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ. നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മയോടുള്ള സ്‌നേഹവുമെല്ലാം നിന്റെ വളര്‍ച്ചക്ക് വളമാണ്. ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ,’ എന്നും സന്നിധാനന്ദന്റെ അധ്യാപിക കൂടിയായ മന്ത്രി ആര്‍. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

സന്നിധാനന്ദനില്‍ നിന്ന് ഗുരുതദക്ഷിണയെന്നോണം ലഭിച്ച ഒരു അനുഭവത്തെ കുറിച്ചും ആര്‍. ബിന്ദു പറയുന്നുണ്ട്. പഠനകാലത്ത് യുവജനോത്സവ വേദികളിലും കേരളവര്‍മയിലെ സര്‍ഗവേദികളിലും സന്നിധാനന്ദന്‍ സജീവ സാന്നിധ്യമായിരുന്നെന്നും ആര്‍. ബിന്ദു പറഞ്ഞു. ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന ക്ലെഫ്ട് ലിപ് എന്ന പരിമിതിയെ മറികടന്ന് സസന്നിധാനന്ദന്‍ സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും ആര്‍. ബിന്ദു കുറിച്ചു.

ഒരാളെ നമ്മള്‍ അളക്കേണ്ടത് അയാളുടെ വേഷഭൂഷകള്‍ കൊണ്ടോ രൂപഭംഗി കൊണ്ടോ അല്ല. ഇത് അറിയാത്ത അല്‍പ്പബുദ്ധികള്‍ കേരളീയസമൂഹത്തില്‍ ഇനിയും നിലനില്‍ക്കുന്നു എന്നത് നാണിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശസ്ത ഗായകന്‍ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാര്‍മിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകന്‍ ഞങ്ങളുടെ കേരളവര്‍മ കോളേജിന്റെ അഭിമാനഭാജനവും ക്യാമ്പസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറികടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു.

സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ അവന്‍ തിളങ്ങുമ്പോള്‍ ഞങ്ങള്‍ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. അവിടെയും പരിമിതസാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന ആ കുട്ടിയെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മറ്റും ചില ക്ഷുദ്ര മനസ്‌കര്‍ പരിഹസിച്ചപ്പോള്‍ ഞങ്ങളുടെ ഉള്ളും അവനെയോര്‍ത്ത് നീറി.

രണ്ടു വര്‍ഷം അവന്റെ അധ്യാപികയായിരുന്ന എനിക്ക് അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു. സഹപാഠികളോടും അധ്യാപകരോടും സജീവമായി ഇടപെട്ടിരുന്ന ആ കുട്ടി വിദ്യാര്‍ത്ഥി പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലും കേരളവര്‍മയിലെ സര്‍ഗവേദികളിലും അവന്‍ സജീവ സാന്നിധ്യമായിരുന്നു.

സന്നി, കോളേജ് വിട്ട് ഇറങ്ങി ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ഒരു സ്റ്റാര്‍ ആയി മാറിയതിന് ശേഷം എനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കുവെക്കുന്നു. ‘കേരളവര്‍മ കോളേജ് റോഡില്‍ പൊരിവെയിലത്ത് ഓട്ടോറിക്ഷ കാത്ത് നില്‍ക്കുന്ന എന്റെ സമീപത്ത് ഒരു കാര്‍ വന്നു നില്‍ക്കുകയും അതില്‍ നിന്ന് തല നീട്ടി സന്നിധാനന്ദന്‍ എന്നെ വിളിക്കുകയും ചെയ്യുന്നു.

എവിടെ വേണമെങ്കിലും കൊണ്ടു പോയാക്കാം…ഒരു തിരക്കുമില്ല, ടീച്ചര്‍ കയറണം,’ എന്ന് പറഞ്ഞ് ആ അല്‍പ്പം പഴക്കമുള്ള സെക്കന്റ് ഹാന്‍ഡ് കാറില്‍ കയറ്റി എന്നെ ലക്ഷ്യസ്ഥാനത്താക്കിയ അനുഭവം എനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട ഗുരുദക്ഷിണയായി ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു.

കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ. നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മയോടുള്ള സ്‌നേഹവുമെല്ലാം നിന്റെ വളര്‍ച്ചക്ക് വളമാണ്. ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ.

ഒരാളുടെ വേഷഭൂഷകള്‍ കൊണ്ടോ രൂപഭംഗി കൊണ്ടോ അല്ല, അയാളെ അളക്കേണ്ടത് എന്നറിയാത്ത അല്‍പ്പബുദ്ധികള്‍ കേരളീയസമൂഹത്തില്‍ ഇനിയും നിലനില്‍ക്കുന്നു എന്നത് നാണിപ്പിക്കുന്നു. മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ആ ഭാണ്ഠക്കെട്ടുകള്‍ ഇനിയും വലിച്ചെറിയാനാകാത്ത ഉഷാ കുമാരിമാര്‍ക്ക് എന്നാണ് നല്ല ബുദ്ധിയുദിക്കുക? കാലത്തിനനുസരിച്ച് മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ആത്മബോധത്തിന്റെ പ്രകാശം പരത്തി സൂര്യ സാന്നിധ്യമായി ശോഭിക്കാന്‍ സന്നിധാനന്ദനാകട്ടെ. സ്‌നേഹം നിറഞ്ഞ ആശംസകള്‍….

Content Highlight: R. Bindhu stand in solidarity with singer sannidhanandhan

We use cookies to give you the best possible experience. Learn more