| Friday, 4th February 2022, 2:29 pm

കാള പെറ്റെന്ന് കേട്ടപാടെ കയറെടുക്കരുതെന്ന് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ലോകായുക്ത വിധിയിലൂടെ മനസിലായി കാണും: ആര്‍. ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന ലോകായുക്ത വിധിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി. വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും തനിക്കെതിരെ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കരുതെന്ന് ഇരുകൂട്ടരും ലോകായുക്ത വിധിയിലൂടെ മനസിലാക്കുമെന്ന് കരുതുന്നതായും ആര്‍. ബിന്ദു പറഞ്ഞു.

‘കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല എന്നത് വിധിയിലൂടെ ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ കരുതുന്നു. ബഹുമാന്യനായ രമേശ് ചെന്നിത്തല ഏറെ കാലമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വളരെ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നയാളാണ്. അദ്ദേഹത്തെ പോലെ ഒരാള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെ പ്രസ്താവനകള്‍ നടത്തുന്നത് ഭൂഷണമല്ല.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാക്കളോടും മാധ്യമ സുഹൃത്തുക്കളോടും എനിക്ക് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കാനുള്ളത് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കുകയെന്നാണ്. അത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ മന്ത്രി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സാമാന്യേന സഹകരണ മനോഭാവമാണ് ഈ വിഷയത്തില്‍ കാണിച്ചതെന്നും അതിനദ്ദേഹത്തോട് നന്ദിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തല അടുത്ത കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് വല്ലാത്ത അസഹിഷ്ണുത കാണിക്കുന്നുണ്ട്. അതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷെ ജനഹൃദയങ്ങളില്‍ അദ്ദേഹം ഉണ്ട് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയായിരിക്കും. ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള രമേശ് ചെന്നിത്തല വിവാദങ്ങളുടെ പിന്നാലെ പോവേണ്ട ആവശ്യമില്ല. നല്ല കാര്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ സഹകരണം വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവാവാനാത്തതിന്റെ ഇച്ഛാഭംഗമാണ് രമേശ് ചെന്നിത്തലയ്ക്കെന്നും ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

ലോകായുക്ത വിധി യുക്തി ഭദ്രമല്ല. ഉന്നതവിദ്യഭ്യാസ ചരിത്രത്തിലാദ്യമായി ഒരു മന്ത്രി സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടുന്നു. ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വാദങ്ങള്‍ 100 ശതമാനം വസ്തുതാപരമാണ്. വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. 60 വയസുകഴിഞ്ഞ ഒരാള്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലയെന്നാണ് ലോകായുക്ത വിധിയില്‍ പറഞ്ഞത്. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ലെന്നും ആര്‍. ബിന്ദു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത വിശദീകരിച്ചു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് വിധി പറഞ്ഞത്. മന്ത്രി ഇത്തരത്തില്‍ നിര്‍ദേശം നല്‍കുമ്പോള്‍ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ മന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി പുനര്‍നിയമനം ചെയ്തതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് ലോകായുക്ത കടക്കുന്നില്ല. നിലവില്‍ ഈ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളതെന്നും ലോകായുക്ത പറയുന്നു.

മന്ത്രിയുടെ ഇടപെടല്‍ സ്വാഭാവിക നടപടിക്രമം മാത്രമല്ലേ എന്നും ലോകായുക്ത ചോദിച്ചു.


Content Highlights: R Bindhu speaking against Ramesh Chennithala on the basis of Lokayuktha verdict

We use cookies to give you the best possible experience. Learn more