| Thursday, 8th June 2023, 4:29 pm

വിദ്യയാണ് തെറ്റ് ചെയ്തത് പ്രിന്‍സിപ്പലോ കോളേജോ അല്ല; ആര്‍ഷോ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം: ആര്‍.ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ചറര്‍ ആകാന്‍ വേണ്ടി എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിഷയത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു.

സംഭവത്തില്‍ വിദ്യയാണ് തെറ്റുകാരിയെന്നും പ്രിന്‍സിപ്പ ല്‍ക്കോ കോളേജിനോ പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് അവരില്‍ മാത്രം നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു.

‘പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഒരാള്‍ ഉണ്ടാക്കിയതില്‍ പ്രിന്‍സിപ്പല്‍ കുറ്റക്കാരനല്ല. കോളേജും കുറ്റക്കാരല്ല. വിദ്യയാണ് തെറ്റ് ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്. അവരൊരു മുതിര്‍ന്ന വ്യക്തിയാണ്. വ്യാജമായിട്ടുള്ള സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കുമ്പോള്‍ അത് അവരില്‍ നിക്ഷിപ്തമാണ്,’ ബിന്ദു പറഞ്ഞു.

സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മന്ത്രി പറഞ്ഞു. പി.എച്ച്.ഡി വിഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചിരുന്നതായും സംഭവം അന്വേഷിക്കാനായി സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അയാളെ പങ്കില്ലാത്ത കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.

‘ആര്‍ഷോയുടെ വിഷയം തുണ്ട. ഇത് എങ്ങനെ സംഭവിച്ചുവെന്നത് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. അയാള്‍ക്ക് പങ്കില്ലാത്ത കാര്യത്തില്‍ അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല. പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. സമാനമായി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്. ഇതിലും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്,’ മന്ത്രി പറഞ്ഞു.

Content Highlight: R Bindhu about controvercy of arsho and vidhya

We use cookies to give you the best possible experience. Learn more