ബോളീവുഡിന്റെ അഭിനയറാണിയെന്ന് വിശേഷിപ്പിക്കാവുന്ന അഭിനേത്രിയായിരുന്നു ശ്രീദേവി. നീണ്ട പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ശ്രീദേവി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത് 2012ല്‍ പുറത്തിറങ്ങിയ ഗൗരി ഷിന്‍ഡെയുടെ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന സിനിമയിലൂടെയായിരുന്നു.
ഇംഗ്ലീഷ് അറിയാത്തത് കാരണം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശശി ഗോഡ്‌ബോലെ എന്ന ഇന്ത്യന്‍ വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയായിരുന്നു ആ സിനിമ. ശശിയെന്ന കഥാപാത്രത്തെ ശ്രീദേവി അവതരിപ്പിച്ചത് സിനിമയുടെ വിജയത്തില്‍ ഒരു പ്രധാന ഘടകമായിരുന്നു.
സിനിമ വന്‍ വിജയമായിരുന്നെങ്കിലും ആദ്യമാരും ആ സിനിമ നിര്‍മിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളിലൊരാളായ ആര്‍ ബാല്‍ക്കി. അദ്ദേഹം സിനിമയുടെ സംവിധായികയായ ഗൗരി ഷിന്‍ഡെയുടെ ജീവിതപങ്കാളി കൂടിയാണ് ശ്രീദേവി സിനിമയിലേക്ക് വന്ന സാഹചര്യത്തെ പറ്റിയും ബാല്‍ക്കി സംസാരിക്കുന്നുണ്ട്. റേഡിയോ നാഷയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാല്‍ക്കി.
‘ഗൗരി ഇംഗ്ലീഷ് വിഗ്ലീഷ് എഴുതുന്ന സമയത്ത് ആരും ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറാവുന്നുണ്ടായിരുന്നില്ല. അതിനുള്ള ഒരു കാരണം സിനിമയുടെ ഷൂട്ടിങ്ങ് നടക്കേണ്ടത് യു.എസില്‍ ആയിരുന്നു എന്നുള്ളതായിരുന്നു. അടുത്ത പ്രശ്‌നം ഒരു നായികാ പ്രാധാന്യമുള്ള സിനിമയാണ് അത് എന്നുള്ളതായിരുന്നു. അന്ന് പലരും ചോദിച്ചത് ‘എങ്ങനെയാണ് ഒരു ഫീമെയില്‍ ലീഡിനെ വെച്ച് ഇത്രയധികം കാശ് മുടക്കി സിനിമ ചെയ്യുന്നത്’ എന്നാണ്.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ഫീമെയില്‍ ലീഡ് എന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഫീമെയില്‍ ലീഡ് എന്ന വാക്ക് എനിക്ക് മനസിലാകുന്നില്ല. അവിടെ ഒരു അഭിനേതാവുണ്ട്. ഒരു വ്യക്തിയുണ്ട്. ഇതൊരു നല്ലൊരു സിനിമയുമാണ്. പിന്നെ എന്താണ് പ്രശ്‌നം.’ പക്ഷെ അവര്‍ക്ക് ഈ സിനിമ ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ ശ്രീദേവി ഈ സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. ഞാന്‍ ആദ്യമായി ശ്രീദേവിയോട് സംസാരിക്കുന്നത് 2009ല്‍ ‘പാ (paa)’ സിനിമ ചെയ്ത ശേഷമാണ്. സിനിമ കണ്ട് ശ്രീദേവി എന്നെ വിളിച്ചിരുന്നു. ആ സിനിമ അവര്‍ക്ക് ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞു. അന്നാണ് ഞാന്‍ അവരുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. അതും ഫോണിലൂടെ.
ബോണിയെ (ബോണി കപൂര്‍ – ശ്രീദേവിയുടെ പങ്കാളി) പരിചയപെട്ട സമയമായിരുന്നു അത്. ശ്രീദേവി എന്നോട് നേരിട്ട് കണ്ട് ഒരിക്കല്‍ സംസാരിക്കണമെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെയൊരിക്കല്‍ ഞാന്‍ ബോണിയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി. അന്ന് ശ്രീദേവി ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ഗൗരി ‘ഇംഗ്ലീഷ് വിഗ്ലീഷ്’ എഴുതുന്ന സമയമായിരുന്നു അത്. അതിലേക്കുള്ള കാസ്റ്റിങ്ങൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു. ഞാനും ഗൗരിയും സിനിമ എടുക്കുന്നത് വ്യത്യാസതമായിട്ടാണ്. ഞാന്‍ കാസ്റ്റിങ്ങൊക്കെ മനസില്‍ കണ്ടാണ് എഴുതുന്നത്. ഗൗരിയാണെങ്കില്‍ കഥ എഴുതിയ ശേഷമാണ് കാസ്റ്റിങ്ങിനെ പറ്റി ചിന്തിക്കുക.
അന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് ഞാന്‍ ശ്രീദേവിയോട് ഗൗരിയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഗൗരി ഒരു സിനിമയുടെ കഥ എഴുതുകയാണെന്നും ആ സിനിമ ആര്‍ക്കും ചെയ്യാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. എനിക്ക് പ്രൊഡക്ഷനില്‍ പരിചയമില്ലെങ്കില്‍ പോലും ഞാന്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു.
അവിടെ ആകെ നിശബ്ദതയാണ്. പെട്ടെന്ന് ഞാന്‍ ശ്രീദേവിയുടെ ശബ്ദം കേട്ടു. ആ സിനിമ ഏതാണ് എന്നായിരുന്നു ചോദ്യം. ഞാന്‍ അതൊരു ചെറിയ സിനിമയാണെന്ന് പറഞ്ഞു. എന്താണ് കഥയെന്ന ചോദ്യത്തിന് ഒരു വീട്ടമ്മയുടെ കഥയാണെന്ന് മറുപടി പറഞ്ഞു. ഇംഗ്ലീഷ് അറിയാത്ത ഒരു വീട്ടമ്മ യു.എസില്‍ പോകുന്നതും അവിടെ വെച്ച് ഇംഗ്ലീഷ് പഠിക്കുന്നതുമൊക്കെയാണെന്ന രീതിയില്‍ കഥ വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.
ഞാന്‍ അപ്പോഴും ഭക്ഷണം കഴിക്കുകയാണ്. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കുമ്പോള്‍ ശ്രീദേവി കരയുന്നതാണ് കാണുന്നത്. ആ സമയത്ത് തന്റെ സിനിമയിലൂടെ ശ്രീദേവി തിരിച്ച് സിനിമയിലേക്ക് വരുന്നതിനെ പറ്റി ഗൗരി ചിന്തിച്ചിട്ടില്ല. ഞാന്‍ ആണെങ്കില്‍ ശ്രീദേവിയുടെ വലിയ ഫാനാണ്.
അതിന് ശേഷം ഞങ്ങള്‍ സിനിമയെ പറ്റി ഒന്നും സംസാരിച്ചില്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയതും ഗൗരിയെ വിളിച്ചു. അവള്‍ക്ക് ഞാന്‍ ശ്രീദേവിയുടെ നമ്പര്‍ കൊടുത്തു. പെട്ടെന്ന് തന്നെ ശ്രീദേവിയെ വിളിച്ച് സംസാരിക്കാന്‍ പറഞ്ഞു. ശ്രീദേവിയാണ് നിന്റെ ശശിയെന്ന് ഞാന്‍ പറഞ്ഞു. ശശിയായി അഭിനയിക്കാന്‍ വേറെ നല്ല ഒരാളെ നിനക്ക് കിട്ടില്ലെന്നും പറഞ്ഞു. ഈ സിനിമ അവരുടേതാണ്.
ഗൗരി ആണെങ്കില്‍, ശ്രീദേവി തിരിച്ച് സിനിമയിലേക്ക് വരുമെന്നോ ഈ സിനിമ ചെയ്യാന്‍ സമ്മതിക്കുമെന്നോ തോന്നുന്നില്ലെന്ന് പറഞ്ഞു. സത്യത്തില്‍ എനിക്കും അതില്‍ ഉറപ്പുണ്ടായിരുന്നില്ല. എന്നിട്ടും ഗൗരി അടുത്ത ദിവസം ശ്രീദേവിയെ കാണാന്‍ ചെന്നു. പത്ത് മിനിറ്റ് കൊണ്ട് ആ സിനിമ ശ്രീദേവിക്ക് ഓക്കേയായി. അതില്‍ അഭിനയിക്കാന്‍ അവര്‍ താത്പര്യമറിയിച്ചു,’ ബാല്‍ക്കി പറയുന്നു.
Content Highlight: R Balki About English Vinglish Movie And Sridevi