തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അപമാനിച്ചുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിക്കിടെയായിരുന്നു ബാലശങ്കറിന്റെ പ്രതികരണം.
കെ. സുരേന്ദ്രനോടും വി.മുരളീധരനോടും താന്‍ മത്സരിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നതാണെന്നും എന്നാല്‍ ഈ വിവരം അറിയില്ലെന്ന് ഇരുവരും പറഞ്ഞത് പച്ചക്കള്ളമാണെന്നും ബാലശങ്കര്‍ പറഞ്ഞു.
‘മുരളീധരനോടും സുരേന്ദ്രനോടും ഞാന്‍ സംസാരിച്ചതാണ്. ഞാന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരോട് പറഞ്ഞിരുന്നു. അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ അറിഞ്ഞിട്ടുപോലുമില്ല എന്ന് പറയുന്നത് രാഷ്ട്രീയത്തില്‍ അല്ലെങ്കില്‍ പൊതുജീവിതത്തില്‍ നടക്കാത്ത കാര്യമാണ്. പൊതുജീവിതത്തില്‍ രാഷ്ട്രീയക്കാരുടെ മുഖമുദ്രയെന്ന് പറയുന്നത് അവരുടെ വിശ്വാസ്യതയാണ്. സത്യം പറയുക. അത്യാവശ്യമില്ലെങ്കില്‍ കള്ളം പറയാതിരിക്കുക. എന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മുന്നില്‍ എന്നെ അപമാനിക്കുന്ന സ്ഥിതിയുണ്ടായി. അതുകൊണ്ടാണ് പ്രതികരിക്കേണ്ടിവന്നത്’, ബാലശങ്കര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ബാലശങ്കര്‍ രംഗത്തെത്തിയത്. തനിക്ക് ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നാണ് അദ്ദേഹം പറഞ്ഞു.
കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍ ബാലശങ്കര്‍ ചോദിച്ചു.
നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥി.
കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധവുമുണ്ട്. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളാണവര്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു..
‘എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരുപോലെ പിന്തുണച്ചിരുന്നു. ബി.ജെ.പിക്ക് ഇക്കുറി ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍,’ എന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. മോദിയുടെ അറിവോടുകൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക