| Tuesday, 16th March 2021, 4:07 pm

ആറന്മുളയും ചെങ്ങന്നൂരും ഇടതിന്, പ്രത്യുപകാരമായി കോന്നി ബി.ജെ.പിക്കും; കേരളത്തിലെ ബി.ജെ.പിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി ആര്‍. ബാലശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍. തനിക്ക് ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ട്രെയിനിങ് പ്രോഗ്രാമിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്കേഷന്റെയും കണ്‍വീനര്‍ കൂടിയാണ് ആര്‍.ബാലശങ്കര്‍.

കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍ ബാലശങ്കര്‍ ചോദിച്ചു.

നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധവുമുണ്ട്. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ. ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളാണവര്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരുപോലെ പിന്തുണച്ചിരുന്നു. ബി.ജെ.പിക്ക് ഇക്കുറി ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍,’ എന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. മോദിയുടെ അറിവോടുകൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: R Balakrishnan against Kerala BJP and K Surendran

We use cookies to give you the best possible experience. Learn more