| Tuesday, 2nd August 2016, 9:31 am

കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്: ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള. പിറവന്തൂര്‍ പഞ്ചായത്തിലെ കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗ വേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

മുസ്‌ലീങ്ങള്‍ ഒരുപാട് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയാണെന്നു പറഞ്ഞ പിള്ള കാശിവിശ്വനാഥ ക്ഷേത്രം ഉദാഹരണമായി പരാമര്‍ശം വിശദീകരിക്കുകയായിരുന്നു.

“എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശിയില്‍ ഇരിക്കണമെന്ന്. അവിടെ കൊണ്ടു ചെന്നപ്പോഴാണ് മനസ്സിലായത് അമ്മക്ക് അവിടെ ഇരിക്കാന്‍ പറ്റിയ ഇടമല്ലെന്ന്. അവിടെ എന്താണ് സ്ഥിതി. കാശിയില്‍ എന്താണ് സ്ഥിതി. അമ്പലം കൈയേറി പള്ളി പണിതിരിക്കുന്നു. കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്. അത് ഒഴിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.” ബാലകൃഷ്ണപ്പിള്ള വിശദീകരിക്കുന്നു.

“ബാബരിമസ്ജിദ്. അവിടെ അമ്പലം പണിഞ്ഞോ. 15 കൊല്ലം മുമ്പ് കുറെ പേര്‍ ചുടുകല്ലുമായി പോയല്ലോ എന്നിട്ട് അമ്പലം പണിഞ്ഞോ. ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞു അവിടെ അമ്പലം പണിയുമെന്ന്. പറഞ്ഞിട്ട് വര്‍ഷം രണ്ടായി പണിഞ്ഞോ. നടക്കുകേല.” ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ പരാമര്‍ശം ഇങ്ങനെ: “നമ്മുടെ പിള്ളേരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായലല്ലോ. നമ്മുടെ മുറ്റത്തുകൂടെ സുന്നത്ത് കഴിഞ്ഞ് പയ്യന്‍ ഓടിനടക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഇടയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ”

പ്രസംഗത്തില്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞ മുസ്‌ലിം പള്ളികളിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ വിവാദമായിരിക്കുകയാണ്.

“തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്‌ലിംകള്‍ ഇല്ല. ആ എരിയയില്‍ നായന്മാര് മാത്രമാണ്. ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ…” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more