| Sunday, 29th September 2019, 5:26 pm

'യെദിയൂരപ്പയുടെ രാഷ്ട്രീയ ജീവിതം അടുത്ത രണ്ട് മാസത്തിനകം തീരും'; തിമ്മാപുറിന്റെ വാക്കുകള്‍ ചൂട് പിടിപ്പിച്ചത് കര്‍ണാടക രാഷ്ട്രീയത്തെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ രാഷ്ട്രീയ ജീവിതം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ബി.ജെ.പിക്കകത്തെ അദ്ദേഹത്തിന്റെ എതിരാളികള്‍ തന്നെ അവസാനിപ്പിക്കുമെന്ന് പ്രവചിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍.ബി തിമ്മാപുര്‍. കോണ്‍ഗ്രസ് നേതാവാണ് ഈ പ്രവചനം നടത്തിയതെങ്കിലും സംസ്ഥാനത്തെ ബി.ജെ.പിക്കകത്തെ ഉള്‍പാര്‍ട്ടി പോര് ചര്‍ച്ചയാവാന്‍ ഇടയാക്കിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും തമ്മില്‍ യെദിയൂരപ്പയ്‌ക്കെതിരെ നടത്തുന്ന ഗൂഢാലോചന അദ്ദേഹത്തെ നിസ്സഹായനാക്കിയിരിക്കുകയാണെന്നും തിമ്മാപുര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അധികാരങ്ങള്‍ ഓരോന്നായി ഇരുനേതാക്കളും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ യെദിയൂരപ്പക്ക് ബി.ജെ.പി സീറ്റ് നല്‍കില്ല. കുറച്ച് ജനപിന്തുണയില്ലാത്തെ ബി.ജെ.പി നേതാക്കള്‍ അധികാരം കയ്യിലൊതുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ താല്‍പര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് വേണ്ടിയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതെന്നും തിമ്മാപുര്‍ പറഞ്ഞു.

നേരത്തെ തന്നെ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനോട് ബി.ജെ.പി കേന്ദ്രനേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയാല്‍ മതിയെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തെങ്കിലും യെദിയൂരപ്പ ഇപ്പോള്‍ തന്നെ അധികാരത്തിലെത്തണമെന്ന് സമ്മതിച്ചെടുക്കുകയായിരുന്നു.

മൂന്ന് ഉപമുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തതിലും യെദിയൂരപ്പയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. യെദിയൂരപ്പയോട് അത്ര മമതയില്ലാത്ത നേതാക്കളെയാണ് ഉപമുഖ്യമന്ത്രിയായും സംസ്ഥാന അദ്ധ്യക്ഷനായും കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്. ഇതോടെ യെദിയൂരപ്പ യുഗം അവസാനിക്കുകയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more