മോഡിക്കെതിരെ ആര്‍.ബി ശ്രീകുമാര്‍ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് തള്ളി
India
മോഡിക്കെതിരെ ആര്‍.ബി ശ്രീകുമാര്‍ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th March 2014, 9:07 am

[share]

[] ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്കും ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനും എതിരെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആര്‍.ബി ശ്രീകുമാര്‍ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് കോടതി തള്ളി.

പരാതിക്കാരനും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ദല്‍ഹി മെട്രോ പൊളിറ്റന്‍ ആകാശ് ജെയ്ന്‍ ആണ് കേസ് തള്ളിയത്

1994ലെ ചാരക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നാരോപിച്ചാണ് ശ്രീകുമാര്‍ മോഡി, രാജ്‌നാഥ് സിംഗ്, ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി, വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ എന്നിവര്‍ക്കെതിരെ കേസ്സമര്‍പ്പിച്ചത്.

എന്നാല്‍ പലതവണ വിളിച്ചിട്ടും ശ്രീകുമാറോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ പരാതിക്കാരന് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍താല്‍പ്പര്യമില്ലെന്നാണ് മനസിലാക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഗുജറാത്ത് മുന്‍ ഡി.ജി.പി ശ്രീകുമാറിനെ മീനാക്ഷി ലേഖി രാജ്യദ്രോഹിയെന്ന് വിളിച്ചുവെന്നാണ് അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചത്.

ശ്രീകുമാറിനെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകള്‍ നടത്തിയെന്നും അദ്ദേഹം രാജ്യത്തിനെതിരാണെന്ന് വരെ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.