ഗുജറാത്ത് കലാപ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബി ശ്രീകുമാര്‍ കോടതിയില്‍
natioanl news
ഗുജറാത്ത് കലാപ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബി ശ്രീകുമാര്‍ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 10:40 am

അഹമ്മദാബാദ്: 2022ലെ ഗുജറാത്ത് കലാപ കേസില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിയെ സമീപിച്ചു.

സാമൂഹിക പ്രവര്‍ത്തക ടീസ്ത സെദല്‍വാദ്, മുന്‍ ഐ.പി.എസ്  ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരും ഗുജറാത്ത് കലാപ കേസില്‍ പ്രതികളാണ്. ഗോധ്ര കലാപ കേസില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജ രേഖ ചമക്കാന്‍ ഗൂഢോലോചന നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുളള പ്രോസിക്യൂഷന്റെ ആരോപണം.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നും പറയുന്നു. അന്വേഷണ കമ്മീഷന് മുന്‍പില്‍ മൊഴി നല്‍കിയതിനെ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് മൂന്ന് പേര്‍ക്കെതിരെയും അഹമ്മദാബാദ് സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട്. ശ്രീകുമാറിനും ടീസ്ത സെതല്‍വാദിനും കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

അതേസമയം അന്വേഷണ സംഘം പിടിച്ചെടുത്ത കുറ്റപ്പത്രത്തിന്റെ ഭാഗമല്ലാത്ത രേഖകളും വസ്തുക്കളും ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിക്കണമെന്ന് ടീസ്ത സെതല്‍വാദ് സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടു.

Contenthighlight: R B Sreekumar seeks discharge