| Tuesday, 19th November 2013, 11:13 pm

മോഡിയ്ക്കും നമ്പി നാരായണനുമെതിരെ ആര്‍.ബി ശ്രീകുമാറിന്റെ മാനനഷ്ടക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ബി.ജെ.പി ദേശീയ നേതാവ് രാജ്‌നാഥ് സിങ്ങും അടക്കം നാലു പേര്‍ക്കെതിരെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി. ശ്രീകുമാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

ബി.ജെ.പി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നു എന്ന് പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നില്‍ ആര്‍.ബി. ശ്രീകുമാറാണെന്ന് കഴിഞ്ഞ ദിവസം മോഡി ആരോപിച്ചിരുന്നു. ഇതേ കാര്യം തന്നെ പത്രസമ്മേളനത്തില്‍ ബി.ജെ.പി വക്താവായ മീനാക്ഷി ലേഖിയും ആരോപിച്ചിരുന്നു.

ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്‍ പ്രഭാകര റാവു ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും പത്രസമ്മേളനത്തില്‍ ശ്രീകുമാര്‍ ആരോപിച്ചു.

ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് മോഡിയ്ക്ക് തന്നോട് വിരോധം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മോഡി, രാജ്‌നാഥ് സിങ്,  മീനാക്ഷി ലേഖി, നമ്പി നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയനായ  നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മോഡി തനിയ്‌ക്കെതിരെ ആരോപണമുന്നയിച്ച് തുടങ്ങിയത്.

തന്നെ ഗുജറാത്ത് ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങിയതെന്നും ആര്‍.ബി ശ്രീകുമാര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more