| Friday, 10th January 2014, 9:06 am

ദേശസാല്‍കൃത ബാങ്കുകളില്‍ പണമെത്തിക്കുന്ന ഭാരതീയ റിസര്‍വ് ബാങ്കിന്റെ വാഹനം ടോള്‍ പ്ലാസയില്‍ തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പാലിയേക്കര: ദേശസാല്‍കൃത ബാങ്കുകളില്‍ പണമെത്തിക്കുന്ന ഭാരതീയ റിസര്‍വ് ബാങ്കിന്റെ വാഹനം പാലിയേക്കര ടോള്‍ പ്ലാസയില്‍ തടഞ്ഞു. ഇതിനാല്‍ സ്റ്റേറ്റ് ബാങ്കിന്റെ അങ്കമാലി ശാഖയില്‍ ഇന്നലെ പണം എത്തിക്കാനായില്ല.

തുശ്ശൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ പണം എത്തിച്ച ശേഷം അങ്കമാലിയിലേക്ക് പോവുകയായിരുന്ന വാഹനത്തെ ടോള്‍ നല്‍കാതെ കടത്തിവിടില്ലെന്ന് പറഞ്ഞ്  തടഞ്ഞുവെക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ഭാരതസര്‍ക്കാര്‍ ഓണ്‍ ഗവണ്‍മെന്റ് ഡ്യൂട്ടി എന്ന് രേഖപ്പെടുത്തിയ വാഹനം മുക്കാല്‍ മണിക്കൂറോളം പ്ലാസയില്‍ തടഞ്ഞിട്ടു. ഇന്നലെ വൈകീട്ട് 3.30നാണ് വാഹനം തടഞ്ഞത്.

വാഹനത്തിലെ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും രേഖകള്‍ കാണിച്ചിട്ടും ടോള്‍ പ്ലാസക്കാര്‍ വഴങ്ങാതിരുന്നതോടെ വണ്ടി 45 മിനിട്ടോളമാണ് ടോള്‍ പ്ലാസയില്‍ കിടന്നത്.

തുടര്‍ന്ന് വിവരമറിഞ്ഞ് ടോള്‍ വിരുദ്ധ സമിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെഅധികൃതര്‍ വാഹനം കടത്തിവിടുകയായിരുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ടാക്‌സികള്‍ ടോള്‍ നല്‍കണമെന്ന വിജ്ഞാപനം കാണിച്ചാണ് ടോള്‍ അധികൃതര്‍ ഇത്തരം നിലപാടുകളെടുക്കുന്നത്.

ഓരോ വര്‍ഷവും നല്കുന്ന പട്ടികയെ  അനുസരിച്ചുള്ള വാഹനങ്ങള്‍ക്കെ സൗജന്യം അനുവദിക്കാവൂ എന്നാണ് ടോള്‍പ്ലാസക്കാരുടെ നിലപാട്. അതേസമയം സര്‍ക്കാര്‍ ഓഫീസുകളുമായി കരാറിലേര്‍പ്പെടുന്ന വാഹനങ്ങള്‍  ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

നേരത്തെ ഐ.ടിമിഷന്റെ വാഹനവും സപ്ലൈകോയുടെ വാഹനവും ടോള്‍ പ്ലാസയില്‍തടഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more