ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ആര്‍. അശ്വിന്‍. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവഭാജ്യഘടകം കൂടിയാണ് അശ്വിന്‍.
ഒരുപാട് ഉയര്‍ച്ച താഴ്ചകളുള്ള തന്റെ കരിയറിലെ ഏറെ വിഷമിപ്പിച്ച കാര്യത്തെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഇ.എസ്.പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോയോടായിരുന്നു അശ്വിന്റെ തുറന്നുപറച്ചില്‍.
2018ല്‍ സിഡ്നി ടെസ്റ്റില്‍ 5 വിക്കറ്റ് നേടിയ ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ശാസ്ത്രി വിശേഷിപ്പിച്ചത് ‘വിദേശത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍’ എന്നായിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കും കൊണ്ട് വലഞ്ഞിരുന്ന തനിക്ക് അത് ഏറെ വിഷമമുണ്ടാക്കിയെന്ന് അശ്വിന്‍ പറഞ്ഞു.
എല്ലാവര്‍ക്കും ഒരു സമയമുണ്ടെന്നും അശ്വിന്‍ ഫിറ്റ്നസ് പരമായ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ കുല്‍ദീപ് യാദവാണ് വിദേശ പര്യടനത്തിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്.
‘ഞാന്‍ വളരെയധികം ബഹുമാനം നല്‍കിയിരുന്ന രവി ഭായിയുടെ ഈ വാക്കുകള്‍ വളരെ വേദനയുണ്ടാക്കി. സഹതാരത്തിന്റെ നേട്ടത്തെ അംഗീകരിക്കുകയും അവനെ അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്.
കുല്‍ദീപിന്റെ നേട്ടത്തില്‍ ഞാനും സന്തോഷിച്ചിരുന്നു. കാരണം ഓസ്ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനമെന്നത് വളരെ വലിയ നേട്ടമാണ്. എനിക്കിതുവരെ അത് നേടാനായിട്ടില്ല. ടീമിനുള്ളില്‍ നിന്നും എനിക്ക് ഒരു പിന്തുണയും ലഭിക്കാത്തതാണ് എന്നെ വേദനിപ്പിച്ചത് ‘ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
അശ്വിന്റെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2018. നിരന്തരമായ പരിക്കുകള്‍ താരത്തെ അക്കാലയളവില്‍ ഏറെ അലട്ടിയിരുന്നു.
പല കാരണങ്ങളും കൊണ്ട് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നതായും താരം പറയുന്നു. തന്റെ പരിക്കുകളെ പോലും ആരും കണക്കിലെടുക്കുന്നില്ലെന്നും, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പിന്തുണ തനിക്ക് ലഭിക്കുന്നില്ല എന്ന് തോന്നിയിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യക്കായി 81 ടെസ്റ്റുകളില്‍ നിന്നും 427 വിക്കറ്റുകള്‍ ഈ വലം കയ്യന്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വേടിയവരുടെ ലിസ്റ്റില്‍ അനില്‍ കുബ്ലെയ്ക്കും കപില്‍ ദേവിനും പിറകില്‍ മൂന്നാമതാണ് അശ്വിന്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: R Aswin feels sad about Ravi Sasthri’s words