കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരം നടന്നത്. ഏകദിനത്തിലെന്ന പോലെ ആദ്യ മത്സരം തന്നെ ജയിച്ചായിരുന്നു ഇന്ത്യ തുടങ്ങിയത്.
വെസ്റ്റ് ഇന്‍ഡീസിന്റെ പേരുകേട്ട വമ്പന്‍ താരങ്ങള്‍ക്കൊന്നും തന്നെ ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നടത്താന്‍ സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തുടങ്ങിവെച്ച വെടിക്കെട്ട് പിന്നാലെയെത്തിയ ഇന്ത്യന്‍ ബൗളര്‍മാരും ഏറ്റെടുക്കുകയായിരുന്നു. സ്പിന്‍ പേസ് വ്യത്യാസമില്ലാതെ അവര്‍ വിന്‍ഡീസ് ബാറ്റര്‍മാരെ കടന്നാക്രമിച്ചു.
കരീബിയന്‍ ഹാര്‍ഡ് ഹിറ്റേഴ്‌സ് എന്ന പേരിനോട് നീതി പുലര്‍ത്താന്‍ പോലും പല താരങ്ങള്‍ക്കുമായില്ല. ഐ.പി.എല്ലില്‍ തകര്‍ത്തുകളിച്ച, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒന്നൊഴിയാതെ ഭീഷണിയാകുമെന്ന് കരുതിയ പല ബാറ്റര്‍മാരും അമ്പേ പരാജയപ്പെട്ടു.
അത്തരത്തില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമായിരുന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍. റോയല്‍സിന്റെ പിങ്ക് ജേഴ്‌സിയില്‍ നിന്നും വിന്‍ഡീസിന്റെ മെറൂണ്‍ അറ്റയറിലേക്കെത്തിയപ്പോഴേക്കും ഹെറ്റി കളി മറന്ന അവസ്ഥയായിരുന്നു.
അതേസമയം, 68 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിങ് മികവിലായിരുന്നു വിജയം സ്വന്തമാക്കിയത്.
44 പന്തില്‍ നിന്നും 64 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 19 പന്തില്‍ നിന്നും 41 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും തകര്‍ത്തടിച്ചു. ഓപ്പണര്‍ സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും അശ്വിനും പന്തും തങ്ങളാലാവുന്നത് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190ലെത്തി.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആറ് പന്തില്‍ നിന്നും 15 റണ്‍സെടുത്ത ഓപ്പണര്‍ കൈല്‍ മയേഴ്‌സ് വെടിക്കെട്ട് തുടങ്ങിയെങ്കിലും ആ കാട്ടുതീയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. മയേഴ്‌സിനെ ഭുവിയുടെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് വേട്ട തുടങ്ങി.
ശേഷം ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ നിലംപൊത്തി തുടങ്ങിയപ്പോള്‍ കരീബിയന്‍ ക്യാമ്പ് ആശങ്കയിലാണ്ടു. എല്ലാ താരങ്ങളും 20 റണ്‍സിനപ്പുറം പോവാതെ വന്നതോടെ വിന്‍ഡീസ് പരാജയം രുചിച്ചു. നിശ്ചിത ഓവറില്‍ 122ന് എട്ട് എന്ന നിലയില്‍ വിന്‍ഡീസ് കളിയവസാനിപ്പിച്ചു. 20 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
ആഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വാര്‍ണര്‍ പാര്‍ക്കാണ് മത്സരവേദി.
Content Highlight: R Aswin dismisses Shimron Hetmyer in India – west Indies 1st T20