| Sunday, 15th January 2023, 4:34 pm

എല്‍.ബി.ഡബ്ല്യു ആണെങ്കില്‍ ആഹാ, ക്രീസിന് പുറത്ത് നിന്നവനെ ഞങ്ങളൊന്ന് ഔട്ടാക്കിയാല്‍ ഓഹോ; രോഹിത്തിനെതിരെ അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം കാര്യവട്ടത്ത് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര നേടിയിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 42 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി നില്‍ക്കുകയാണ് ഇന്ത്യ. 99 റണ്‍സുമായി വിരാട് കോഹ്‌ലിയും 34 റണ്ണെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ആദ്യമത്സരത്തിലെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ സെഞ്ച്വറി ശ്രദ്ധ നേടിയിരുന്നു. രോഹിത് കാരണമാണ് ഷണകക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കവെയായിരുന്നു മുഹമ്മദ് ഷമി ഷണകയെ റണ്‍ ഔട്ടാക്കിയത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ക്രീസിന് പുറത്ത് നില്‍ക്കുകായിരുന്ന ഷണകയെ ബൗള്‍ ചെയ്യുന്നതിന് മുമ്പ് ഔട്ടാക്കുകയായിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ നിര്‍ദേശ പ്രകാരം അമ്പയര്‍ ഷണകയെ ബാറ്റിങ് തുടരാന്‍ അനുവദിക്കുകയായിരുന്നു. ശേഷം ഷണക സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ലങ്കന്‍ നിരയിലെ ടോപ് സ്‌കോററാവുകയും ചെയ്തു.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍. ഷമി ഷണകയെ ഔട്ടാക്കിയത് നിയമപരമായ രീതിയിലൂടെയാണെന്നും എല്‍.ബി.ഡബ്ല്യുവോ ക്യാച്ച് ബിഹൈന്‍ഡോ ആണെങ്കില്‍ ആരും ക്യാപ്റ്റനെ കൊണ്ട് പരിശോധിപ്പിക്കുകയില്ലല്ലോ എന്നും അശ്വിന്‍ പറഞ്ഞു.
ഫീല്‍ഡറാണ് അപ്പീല്‍ ചെയ്യുന്നതെങ്കിലും ഔട്ട് വിധിക്കേണ്ടത് അമ്പയറിന്റെ കടമയാണെന്നും അശ്വിന്‍ പറഞ്ഞു.

‘ഷണക 98 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ഷമി അവനെ ഒട്ടാക്കി അപ്പീല്‍ നടത്തിയത്. എന്നാല്‍ രോഹിത് ആ അപ്പീല്‍ പിന്‍വലിച്ചു. അതിനെ പുകഴ്ത്തി ഒരുപാട് ആളുകള്‍ ട്വീറ്റ് ചെയ്തത് കണ്ടു. ഞാന്‍ ആവര്‍ത്തിച്ച് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അത് ഔട്ടാക്കുന്നതിനുള്ള നിയമപരമായ മാര്‍ഗം തന്നെയാണ്.

ഒരു എല്‍.ബി.ഡബ്ല്യു അപ്പീലോ ക്യാച്ച് ബിഹൈന്‍ഡ് അപ്പീലോ ചെയ്താല്‍ അതാരും ക്യാപ്റ്റനെക്കൊണ്ട് ചെക്ക് ചെയ്യിക്കില്ല. അത് ഔട്ടാണെന്ന് വിധിക്കും, ബൗളര്‍ അപ്പീല്‍ ചെയ്താല്‍ അതില്‍ കൂടുതല്‍ ഒരു പരിശോധനയും നടക്കില്ല.

ഫീല്‍ഡര്‍ അപ്പീല്‍ ചെയ്താലും അത് ഔട്ടാണെങ്കില്‍ ഔട്ടാണെന്ന് അമ്പയര്‍ വിധിക്കണം. അത് അമ്പയറിന്റ ഡ്യൂട്ടിയാണ്. ഈ രീതിയില്‍ ഔട്ടാക്കുന്നതിനെതിരെ ഇത്രയും മാമൂലുകള്‍(taboos) വരുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. അപ്പീല്‍ നല്‍കണോ അത് പിന്‍വലിക്കണോ എന്നത് ബൗളറെ ആശ്രയിച്ചിരിക്കുന്നത്.

പല കളികളിലും ബാറ്റര്‍ അമ്പയറിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ കളം വിടുന്നത് കാണാറുണ്ട്. ആ സമയത്ത് ക്യാപ്റ്റന്‍ വന്ന് നീ ആരോട് പറഞ്ഞിട്ടാണ് പോകുന്നതെന്ന് ചോദിക്കാറില്ലല്ലോ. അപ്പോള്‍ ഇവിടെയും തീരുമാനം ബൗളറിന് കൊടുക്കേണ്ടേ. ബൗളര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും ഇടയില്‍ വെച്ചിരിക്കുന്ന ഈ വിവേചനം പല വര്‍ഷങ്ങളായി തുടരുന്നതാണ്,’ അശ്വിന്‍ പറഞ്ഞു.

Content Highlight: r aswin against rohith sharma’s call back dasun shanaka

We use cookies to give you the best possible experience. Learn more