| Thursday, 14th March 2024, 12:54 pm

അശ്വിനെക്കൊണ്ട് മാത്രം സാധിക്കുന്നത്; ആദ്യ ടെസ്റ്റ് കണ്ണാടി നോക്കിയ പോലുള്ള നൂറാം ടെസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം രവിചന്ദ്രന്‍ അശ്വിന്റെ ടെസ്റ്റ് കരിയറില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായിരുന്നു. ഇന്ത്യക്കായി കരിയറിലെ 100ാം ടെസ്റ്റ് മത്സരത്തിനാണ് അശ്വിന്‍ ധര്‍മശാലയില്‍ കളത്തിലിറങ്ങിയത്.

ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന 14ാം താരമെന്ന ചരിത്ര നേട്ടത്തോടെയാണ് അശ്വിന്‍ ധര്‍മശാലയില്‍ പന്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, രണ്ടാം ടെസ്റ്റില്‍ ഫൈഫറും നേടി.

ആദ്യ ഇന്നിങ്‌സില്‍ ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ മടക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, സൂപ്പര്‍ താരം ഒല്ലി പോപ്പ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവരെയും പുറത്താക്കി.

മത്സരത്തില്‍ 128 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്.

മത്സരത്തില്‍ പന്ത് കൊണ്ട് തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ തന്റേതായ സംഭാവന നല്‍കാന്‍ അശ്വിന് സാധിച്ചിരുന്നില്ല. അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് അശ്വിന്‍ മടങ്ങിയത്.

ഇതോടെ ഒരു അത്യപൂര്‍വ സംഭവമാണ് പിറവിയെടുത്തത്. തന്റെ അരങ്ങേറ്റ ടെസ്റ്റിലെ അതേ പ്രകടനമാണ് പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അശ്വിന്‍ പുറത്തെടുത്തത്.

2011 നവംബര്‍ ആറിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫിറോസ് ഷാ കോട്‌ലയിലാണ് അശ്വിന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടുകും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്താണ് അശ്വിന്‍ വരവറിയിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റാണ് നേടിയത്. ഡാരന്‍ ബ്രാവോ, മര്‍ലണ്‍ സാമുവല്‍സ്, രവി രാംപോള്‍ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ അശ്വിന്റെ ഇരകളായപ്പോള്‍ ഡാരന്‍ ബ്രാവോ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, മര്‍ലണ്‍ സാമുവല്‍സ്, ക്യാപ്റ്റന്‍ ഡാരന്‍ സമ്മി, രവി രാംപോള്‍ എന്നിവരെ രണ്ടാം ഇന്നിങ്‌സിലും അശ്വിന്‍ മടക്കി.

128 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. നൂറാം ടെസ്റ്റിലെ അതേ ബൗളിങ് ഫിഗര്‍ തന്നെയാണ് ആദ്യ ടെസ്റ്റിലും അശ്വിനുണ്ടായിരുന്നത്.

ബാറ്റിങ്ങിന്റെ കാര്യത്തിലും വ്യത്യാസമില്ല. ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് പൂജ്യത്തിനാണ് അശ്വിന്‍ മടങ്ങിയത്. ഡാരന്‍ സമ്മിയുടെ പന്തില്‍ കാള്‍ടണ്‍ ബോക്ക് ക്യാച്ച് നല്‍കിയായിരുന്നു അശ്വിന്റെ മടക്കം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യം മറികടന്നതിനാല്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അശ്വിന് സാധിച്ചില്ല.

ഇതിഹാസ താരം സാക്ഷാല്‍ അലന്‍ ബോര്‍ഡറും അശ്വിനെ പോലെ ആദ്യ ഇന്നിങ്‌സിലും നൂറാം ഇന്നിങ്‌സിലും പൂജ്യത്തിനാണ് പുറത്തായത്.

ഇവര്‍ മാത്രമല്ല, കരിയര്‍ മൈല്‍ സ്റ്റോണായ നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ മറ്റ് പല താരങ്ങളുമുണ്ട്.

നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

ദിലീപ് വെങ്സര്‍ക്കാര്‍ – ഇന്ത്യ

സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്ട്രേലിയ

കോട്നി വല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ്

മാര്‍ക് ടെയ്ലര്‍ – ഓസ്ട്രേലിയ

സ്റ്റീഫന്‍ ഫ്ളെമിങ് – ന്യൂസിലാന്‍ഡ്

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട്

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ്

ചേതേശ്വര്‍ പൂജാര – ഇന്ത്യ

ആര്‍. അശ്വിന്‍ – ഇന്ത്യ

ഐ.പി.എല്ലാണ് ഇനി അശ്വിന് മുമ്പിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് അശ്വിന്‍ ഇത്തവണയും കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനും സാധിച്ചേക്കും.

Content Highlight: R. Ashwin with the same performance in the first test and the 100th test.

We use cookies to give you the best possible experience. Learn more