2024 ഐ.പി.എല്‍ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന രണ്ട് പ്രധാന താരങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍.
ന്യൂസിലാന്‍ഡ് ബാറ്റര്‍ രചിന്‍ രവീന്ദ്രയും സൗത്താഫ്രിക്കന്‍ താരമായ ജെറാള്‍ഡ് കോറ്റ്‌സിയു ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന താരങ്ങള്‍ എന്നാണ് അശ്വിന്‍ പറഞ്ഞത്.
‘ജെറാള്‍ഡ് കോറ്റ്‌സിയും രചിന്‍ രവീന്ദ്രയുമാണ് ഐ.പി.എല്‍ ലേലത്തില്‍ ശ്രദ്ധിക്കാന്‍ പോകുന്ന രണ്ട് മുന്‍നിര താരങ്ങള്‍. ഞാനാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നതെങ്കില്‍ ഞാന്‍ അവരെ എടുക്കും. ലോകകപ്പില്‍ 64 ശരാശരിയില്‍ 578 റണ്‍സാണ് രചിന്‍ നേടിയത്. നന്നായി ബൗളും ചെയ്യാന്‍ കഴിയുന്ന താരവും കൂടിയാണ് രചിന്‍,’ അശ്വിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
ഈ ലോകകപ്പില്‍ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിനായി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് സെഞ്ച്വറികള്‍ അടക്കം 578 റണ്‍സാണ് താരം നേടിയത്. ഈ മികച്ച പ്രകടനങ്ങളിലൂടെ ഒരുപിടി അവിസ്മരണീയമായ റെക്കോഡുകളും രചിന്‍ സ്വന്തമാക്കിയിരുന്നു.
സൗത്ത് ആഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സിയെകുറിച്ചും അശ്വിന്‍ പറഞ്ഞു.
‘ഞാന്‍ രണ്ടാമതായി പറയുന്ന താരം ജെറാള്‍ഡ് കോറ്റ്‌സിയാണ്. അവന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു മികച്ച ഫാസ്റ്റ് ബൗളറാണ്. അവനു മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ജെറാള്‍ഡിന് 140-150 വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 23നാണ് ഐ.പി.എല്‍ ലേലം നടക്കുക. വമ്പന്‍ താരങ്ങള്‍ ഏതൊക്കെ ടീമിലേക്ക് പോവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlight: R. Ashwin talks Rachin Ravindra and Gerald Coetzee is the most valuable players in IPL 2023 auction.