| Thursday, 13th July 2023, 2:14 pm

നേരിട്ട മോശം കാലങ്ങളാണ് എന്നെ കൈപിടിച്ചുയര്‍ത്തിയത്; ദ്രാവിഡിന്റെ ആ ഉപദേശം മറക്കില്ല: അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ടെന്നും എന്നും വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ചാണ് മുന്നോട്ടു പോകാറുള്ളതെന്നും രവിചന്ദ്രന്‍ അശ്വിന്‍. ‘വീഴ്ചകളില്ലാതെ നേട്ടങ്ങളിലൂടെ മാത്രം കടന്നുപോയ ഒരു ക്രിക്കറ്റ് കളിക്കാരനോ മനുഷ്യനോ ഈ ലോകത്ത് ഇല്ല.

നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ അത് നിങ്ങള്‍ക്ക് രണ്ട് ചോയ്സുകള്‍ നല്‍കുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിച്ചും, പരാതിപ്പെട്ടും കരിയറില്‍ താഴേക്ക് പോകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പാഠം പഠിക്കാം. ഞാന്‍ എന്റെ വീഴ്ചകളില്‍ നിന്ന് നിരന്തരം പാഠം പഠിക്കുന്ന ഒരാളാണ്.

ഇന്നൊരു നല്ല ദിവസം വന്നാലും എനിക്കറിയാം. എനിക്ക് ഇംപ്രൂവ് ചെയ്യേണ്ട നിരവധി മേഖലകളുണ്ടെന്ന്. അങ്ങനെയെങ്കിലേ നാളെ എനിക്ക് മികച്ചതാകാന്‍ സാധിക്കൂ. മികച്ചതിന് വേണ്ടിയുള്ള സ്ഥിരമായ അന്വേഷണമാണ് ഇക്കാലമത്രയും നല്ല പ്രകടനം തുടരാന്‍ സഹായിച്ചത്,’ അശ്വിന്‍ പറഞ്ഞു.

തന്റെ യാത്ര വളരെ ദുഷ്‌കരമായിരുന്നുവെന്നും ഞാന്‍ നേരിട്ടിട്ടുള്ള മോശം കാലങ്ങളാണ് എന്നെ കൈപിടിച്ചുയര്‍ത്തിയതെന്നും 36കാരനായ ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു. ‘തിരിച്ചടികളൊന്നും ഇല്ലെങ്കില്‍ പിന്നെ ഞാനില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 വര്‍ഷമായി കളിക്കുന്നുണ്ട്. ഐ.പി.എല്‍ കരിയര്‍ കൂടി ചേര്‍ത്താല്‍ അത് 16 വര്‍ഷത്തോളം വരും.

രാഹുല്‍ ദ്രാവിഡ് ആദ്യം കാണുമ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം എനിക്ക് ഓര്‍മയുണ്ട്. നിങ്ങള്‍ എത്ര വിക്കറ്റെടുത്തുവെന്നോ, എത്ര റണ്‍സ് സ്‌കോര്‍ ചെയ്തുവെന്നതോ ഒന്നുമല്ല പ്രധാനം. ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മനോഹര നിമിഷങ്ങളാണ് എല്ലാക്കാലത്തും കൂടെയുണ്ടാകുക എന്നായിരുന്നു ഉപദേശം.

കാലം എത്ര വേഗത്തിലാണ് മുന്നോട്ടു പോകുന്നത്. എന്തൊക്കെ സംഭവിച്ചുവെന്ന് പോലും ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയാത്ത സ്ഥിതിയാണ്. ഈ യാത്ര എനിക്ക് ലഭിച്ചതില്‍ ഞാന്‍ ഹാപ്പിയാണ്, നന്ദിയുള്ളവനാണ്,’ ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂട്ടിച്ചേര്‍ത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുറത്തിരുന്ന ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് കെങ്കേമമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ രവിചന്ദ്രന്‍ അശ്വിന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ കരീബിയന്‍ പടയുടെ നട്ടെല്ലൊടിക്കാന്‍ തമിഴ്‌നാട് താരത്തിനായി.

ടെസ്റ്റ് കരിയറിലെ 33ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇന്നലത്തെ പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണിനെ (32) പിന്നിലാക്കാനും അശ്വിന് കഴിഞ്ഞു.

ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആദ്യ ദിനം 24.3 ഓവറുകള്‍ എറിഞ്ഞ അശ്വിന്‍ 60 റണ്‍സ് മാത്രം വിട്ടുനില്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതില്‍ ആറ് മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടും.

ബ്രാത്‌വെയ്റ്റ്, ടഗനരെയ്ന്‍ ചന്ദര്‍പോള്‍, അല്ലിക് അത്തനേസ്, അല്‍സാരി ജോസഫ്, വാരിക്കന്‍ എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്. വിന്‍ഡീസിനെ 150 റണ്‍സില്‍ ചുരുട്ടിക്കെട്ടാനും ആദ്യ ദിനം തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാനും കഴിഞ്ഞതോടെ ഇന്ത്യക്ക് മേല്‍ക്കൈ നേടാനായിട്ടുണ്ട്.

Content Highlights: r ashwin talks about ups and downs in career

We use cookies to give you the best possible experience. Learn more