നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ അവരാണ്: പ്രസ്താവനയുമായി അശ്വിൻ
Cricket
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ അവരാണ്: പ്രസ്താവനയുമായി അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 1:20 pm

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് താരങ്ങളാണ് വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍. ഈ നാല് താരങ്ങളെയും മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ക്രൊ ‘ഫാബ് 4’ എന്നാണ് വിശേഷിപ്പിച്ചത്.

ഇപ്പോള്‍ ഈ ഫാബുലസ് ഫോറിലെ മികച്ച രണ്ട് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. കോഹ്‌ലിയെയും റൂട്ടിനെയുമാണ് അശ്വിന്‍ മികച്ച താരങ്ങളായി തെരഞ്ഞെടുത്തത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഈ നാലു താരങ്ങളില്‍ രണ്ട് ആളുകളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റാങ്കിങ്ങൊന്നും നോക്കാതെ തന്നെ കോഹ്‌ലിയുടെയും റൂട്ടിന്റെയും പേര് പറയും. കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ഇവര്‍ക്ക് പിറകിലായിരിക്കും. വില്യംസണ് പരിക്കുകള്‍ സംഭവിച്ചുവെന്ന് നമ്മള്‍ മറക്കരുത്. സ്റ്റീവ് സ്മിത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ അദ്ദേഹം ചില സമയങ്ങളില്‍ അല്‍പ്പം മോശം അവസ്ഥയിലൂടെ കടന്നുപോയി. പക്ഷെ അദ്ദേഹം മികച്ചൊരു താരമാണ്. സ്മിത്ത് തിരിച്ചുവരവ് നടത്തിയാലും അത്ഭുതപ്പെടാനില്ല,’ അശ്വിന്‍ പറഞ്ഞു.

വിരാടും റൂട്ടും ടെസ്റ്റ് ക്രിക്കറ്റ് മികച്ച കരിയര്‍ സൃഷ്ടിച്ചെടുത്ത താരങ്ങളാണ്. ഇംഗ്ലണ്ടിനായി 145 ടെസ്റ്റ് മത്സരങ്ങളില്‍ 265 ഇന്നിങ്‌സുകളില്‍ നിന്നും 12377 റണ്‍സാണ് റൂട്ട് നേടിയത്. 34 സെഞ്ച്വറികളും 64 അര്‍ധസെഞ്ച്വറികളുമാണ് റൂട്ടിന്റെ അക്കൗണ്ടിലുള്ളത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്. ആദ്യ ഇന്നിങ്സില്‍ 121 പന്തില്‍ 103 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 206 പന്തില്‍ 143 റണ്‍സുമാണ് റൂട്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 34ാംസെഞ്ച്വറി നേട്ടമായിരുന്നു ഇത്. ഇതോടെ 33 സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്കിനെ മറികടന്നുകൊണ്ട് ചരിത്രം കുറിക്കാനും റൂട്ടിന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വിരാടിനും സാധിച്ചിട്ടുണ്ട്. 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റൺസാണ് കോഹ്‌ലി നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും വിരാട് ബാറ്റെടുക്കും ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കാണ്.

നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: R. Ashwin Talks About The Best Players in Cricket