ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍.അശ്വിന്‍ എം.എസ് ധോണി തന്റെ ക്രിക്കറ്റ് ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
താന്‍ എങ്ങനെയാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അശ്വിന്‍. അടുത്തിടെ അവസാനിച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയതിന് പിന്നാലെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
2011ലെ ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈക്കായി ആദ്യ ഓവര്‍ എറിഞ്ഞത് അശ്വിന്‍ ആയിരുന്നു. ബെംഗളൂരുവിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് പുറത്താക്കികൊണ്ടായിരുന്നു അശ്വിന്‍ ശ്രദ്ധ നേടിയത്.
ധോണിയായിരുന്നു അന്ന് അശ്വിനോട് ആദ്യ ഓവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ക്യാപ്റ്റന്റെ വിശ്വാസം കൃത്യമായി നടപ്പിലാക്കാന്‍ അശ്വിന് സാധിച്ചു. ഇതിന് പിന്നാലെ ആ വര്‍ഷം തന്നെ അശ്വിന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് ആയിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞത്.
‘ധോണി എനിക്ക് ആ പന്ത് എറിയാന്‍ തന്നതിന് ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. 2011 ഫൈനലില്‍ ന്യൂ ബോളില്‍ ക്രിസ് ഗെയ്ലിനെ പുറത്താക്കാന്‍ അദ്ദേഹം എനിക്ക് അവസരം നല്‍കി,’ അശ്വിന്‍ പറഞ്ഞു.
ഇനി അശ്വിന്റെ മുന്നിലുള്ളത് ഐ.പി.എല്ലാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ നിരയിലെ പ്രധാനിയാണ് അശ്വിന്.