| Sunday, 15th September 2024, 11:51 am

രോഹിത്തും കോഹ്‌ലിയുമല്ല! ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരം അവനാണ്: അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ബുംറ നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണെന്നാണ് അശ്വിന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍.

‘ഇന്ത്യ എല്ലായിപ്പോഴും ബാറ്റര്‍മാരുടെ കൂടുതല്‍ ആധിപത്യമുള്ള ഒരു രാജ്യമാണ്. അത് ഒരിക്കലും മാറാന്‍ പോകുന്നില്ല. എന്നാല്‍ ഞങ്ങള്‍ ജസ്പ്രീത് ബുംറയെ പോലുള്ള ഒരു താരത്തെ ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ബുംറ ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം വന്നിട്ടുള്ള ബൗളര്‍മാരില്‍ ഒരാളാണ്.

നാല് അഞ്ച് ദിവസങ്ങള്‍ മുമ്പ് ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി അവന്‍ എത്തിയിരുന്നു. ഞങ്ങള്‍ ബൗളര്‍മാരോട് വളരെ നല്ല രീതിയിലാണ് പെരുമാറാറുള്ളത്. അവനെ ഒരു ചാമ്പ്യനായി നമ്മള്‍ കണക്കാക്കണം. ഇപ്പോള്‍ ബുംറയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് താരം.

നിലവില്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് ബുംറ നടത്തുന്നത്. മികച്ച യോര്‍ക്കറുകളിലൂടെയും കൃത്യമായ വേഗതയിലൂടെയും പന്തെറിഞ്ഞുകൊണ്ട് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ബുംറ സ്വന്തമാക്കിയിരുന്നു.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. നീണ്ട ഇടവേളക്കുശേഷം ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.  സെപ്റ്റംബര്‍ 19 മുതലാണ് ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക.

Content Highlight: R. Ashwin Talks About Jasprit Bumrah

We use cookies to give you the best possible experience. Learn more