|

ആ രണ്ട് താരങ്ങൾ കാരണമാണ് ഞാൻ മികച്ച ബൗളറായി മാറിയത്: അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ആര്‍. അശ്വിന്‍. ഇപ്പോഴിതാ ഐതിഹാസികമായ ഒരു ക്രിക്കറ്റ് കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതിന് കാരണക്കാരായ വ്യക്തികളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍.

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമാണ് തന്റെ വിജയത്തിന് പിന്നിലെന്നാണ് അശ്വിന്‍ പറഞ്ഞത്. പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഞാന്‍ ഭാഗ്യവാനാണ്, അനില്‍ ഭായിയും ഹര്‍ഭജനും ക്രിക്കറ്റില്‍ ബാക്കി വെച്ച കാര്യങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചു. ഇന്ന് ഞാന്‍ ക്രിക്കറ്റില്‍ ചെയ്യുന്നതെല്ലാം അവര്‍ കാരണമാണ്. അവര്‍ എന്റെ ക്രിക്കറ്റ് യാത്രയുടെ വലിയ ഭാഗമാണ്,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യക്കായി 2011ല്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ഇതിനോടകം തന്നെ 100 ടെസ്റ്റ് മത്സരങ്ങളില്‍ 189 ഇന്നിങ്‌സുകളില്‍ നിന്നും 516 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നും 156 വിക്കറ്റും ടി-20യില്‍ 65 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റും താരം നേടി.

ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിങ്ങിലും തന്റെ പ്രതിഭ ഇന്ത്യക്കായി പുറത്തെടുക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 141 ഇന്നിങ്‌സുകളില്‍ നിന്നും അഞ്ച് സെഞ്ച്വറികളും 14 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3309 റണ്‍സാണ് അശ്വിന്‍ നേടിയത്.

അടുത്തിടെ അവസാനിച്ച തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടികല്‍ ഡ്രാഗണ്‍സിനെ ചാമ്പ്യന്‍മാരാക്കാന്‍ അശ്വിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 252 റണ്‍സായിരുന്നു അശ്വിന്‍ അടിച്ചെടുത്തത്. ബൗളിങ്ങില്‍ 6.92 എക്കണോമിയില്‍ ഒമ്പത് വിക്കറ്റുകളും താരം നേടി.

ഇനി അശ്വിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഈ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണുള്ളത്. ഈ പരമ്പരക്കുള്ള റെഡ് ബോള്‍ ടീമിലേക്ക് അശ്വിന്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: R. Ashwin Talks About Harbajan Singh and Anil Kumble