ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്താൻ എന്നെ സഹായിച്ചത് അദ്ദേഹമാണ്: അശ്വിൻ
Cricket
ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്താൻ എന്നെ സഹായിച്ചത് അദ്ദേഹമാണ്: അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 12:52 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയും അശ്വിന്‍ തിളങ്ങിയിരുന്നു ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്‌സുമാണ് അശ്വിന്‍ നേടിയത്.

ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ പ്രചോദനമായ താരത്തെക്കുറിച്ച് സംസാരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ കുറിച്ചാണ് അശ്വിന്‍ പറഞ്ഞത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഈ ടെസ്റ്റ് മത്സരത്തില്‍ ഞാന്‍ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തി എന്നതിനെക്കുറിച്ച് എനിക്ക് ഒരു ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയില്ല. ഞാന്‍ ഹര്‍ഭജന്റെ പകരക്കാരനായാണ് ഇന്ത്യന്‍ ടീമില്‍ വന്നത്. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹം എനിക്കൊരു പ്രചോദനമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വന്നതിനാല്‍ എനിക്ക് റെഡ് ബോള്‍ ക്രിക്കറ്റില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് ആളുകള്‍ നിരന്തരം സംശയം ഉന്നയിച്ചിരുന്നു. ധാരാളം ആളുകള്‍ ഇതിനുവേണ്ടി എന്നെ സഹായിച്ചു,’ അശ്വിന്‍ പറഞ്ഞു.

അതേസമയം വിജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചു. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: R. Ashwin Talks About Harbajan Singh