| Saturday, 22nd June 2024, 8:22 pm

ഇവിടെ ഹീറോയും വില്ലനും ഒന്നുമില്ല, അദ്ദേഹം ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി; തുറന്നുപറഞ്ഞ് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിവാദ പ്രസ്താവനകളിലൂടെ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്ന മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്ന നിലയിലാണ് ഇപ്പോള്‍ തലക്കെട്ടുകളുടെ ഭാഗമാകുന്നത്. ഗംഭീര്‍ തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പരിശീലകന്‍ എന്നാണ് മിക്ക റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ഗംഭീറിനെ പിന്തുണയ്ക്കുകയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്‍. ഗംഭീര്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്നും തന്റെ കരിയറിന്റെ തുടക്കത്തില്‍ ഗംഭീര്‍ തന്നെ ഏറെ സഹായിച്ചിരുന്നുവെന്നും പറയുകയാണ് അശ്വിനിപ്പോള്‍.

‘ഐ ഹാവ് ദി സ്ട്രീറ്റ്‌സ് – എ കുട്ടി ക്രിക്കറ്റ് സ്റ്റോറി (I Have The Streets – A Kutty Cricket Story) എന്ന തന്റെ പുസ്തക പ്രകാശനത്തിനിടെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ എന്റെ ആദ്യത്തെ മുഴുവന്‍ പരമ്പരയും കളിക്കുന്ന സമയം. 2011 ലോകകപ്പിന് മുമ്പ്, എന്റെ കരിയറിലെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ ഡ്രിങ്ക്‌സ് കൊണ്ടുക്കൊടുക്കുക മാത്രമാണ് ചെയ്തിരുന്നത്.

ഗൗതം ഗംഭീര്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ്. എല്ലാം ഓരോരുത്തരുടെയും കാഴ്ചപ്പാടുകളാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ പോരാളിയാണ്.

പലരുടെയും പ്രശ്‌നമെന്തെന്നാല്‍ നമ്മുടെ മനസില്‍ ഒരാള്‍ക്ക് ഹീറോ പരിവേഷം നല്‍കുകയും മറ്റുള്ളവരെ മറക്കുകയുമാണ്. ഇതൊരു കായികവിനോദമാണ്. സിനിമയല്ല. ഇവിടെ ഹീറോയും വില്ലനുമില്ല.

ഗംഭീര്‍ ഒരു പോരാളിയാണ്. അദ്ദേഹത്തിന് വിജയത്തോടുള്ള അഭിനിവേശം വിശ്വസിക്കാന്‍ പോലുമാകാത്തതാണ്. എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണെങ്കിലും ജൂലൈ പകുതിയോടെ മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരികയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

ടി-20 ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ വി.വി.എസ് ലക്ഷ്മണായിരിക്കും പ്രധാന പരിശീലകന്റെ റോളില്‍ ടീമിനെ അനുഗമിക്കുക. ദ്രാവിഡ് പടിയിറങ്ങുന്നതോടെ ഇടക്കാല പരിശീകനായാണ് ലക്ഷ്മണ്‍ എത്തുക എന്നാണ് റിപ്പോട്ട്.

Content highlight: R Ashwin talks about Gautam Gambhir

We use cookies to give you the best possible experience. Learn more