ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.
ഇപ്പോഴിതാ എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ഈ വരുന്ന ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍.അശ്വിന്‍.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ മെന്റര്‍ ആയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഈ സീസണില്‍ ചെന്നൈക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക എന്നാണ് അശ്വിന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സ് ആണ് അവരുടെ പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. എന്നാല്‍ മുംബൈ 2013ലാണ് അവരുടെ ആദ്യ ഐ.പി.എല്‍ കിരീടം നേടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുംബൈ അഞ്ച് കിരീടങ്ങള്‍ നേടി.
എന്നാല്‍ ചെന്നൈയുടെ യഥാര്‍ത്ഥ വെല്ലുവിളി എന്നു പറയുന്നത് കൊല്‍ക്കത്ത ആയിരുന്നു. ഗംഭീര്‍ ചെന്നൈക്കെതിരെ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. 2012 ഫൈനലില്‍ കൊല്‍ക്കത്ത യായിരുന്നു ചെന്നൈ തോല്‍പ്പിച്ച കിരീടം നേടിയത് ആ സമയത്ത് ഞാന്‍ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു. അതിനുശേഷം ഗൗതം ഗംഭീറും ചെന്നൈയും ശത്രുക്കളായി മാറുകയായിരുന്നു,’ അശ്വിന്‍ പറഞ്ഞു.
ഗൗതം ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലില്‍ രണ്ട് കിരീടങ്ങളാണ് ഉയര്‍ത്തിയത്. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും 2014ല്‍ പഞ്ചാബ് കിങ്‌സിനേയും തോല്‍പ്പിച്ചു കൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ കിരീടനേട്ടം.
അതേസമയം ധോണിയുടെ കീഴില്‍ 16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് ചെന്നൈ നേടിയത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ചെന്നൈ ചാമ്പ്യന്‍മാരായത്. വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ധോണിയുടെ കീഴില്‍ ആറാം കിരീടം ആവും ചെന്നൈ ലക്ഷ്യം വെക്കുക.
മറുഭാഗത്ത് നീണ്ട ഇടവേളയ്ക്കുശേഷം ഗൗതം ഗംഭീര്‍ പഴയ തട്ടകമായ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയതോടെ ഐ.പി.എല്ലിലെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും കെ.കെ.ആര്‍ ഇറങ്ങുക. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: R. Ashwin talks about CSK