ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.
ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ രോഹിത് രണ്ടാം മത്സരത്തില്‍ 90 പന്തില്‍ 119 റണ്‍സ് നേടിയാണ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. റെഡ് റബ്ബര്‍ മാച്ചില്‍ രോഹിത്തിന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Rohit Sharma
ഇപ്പോള്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. രോഹിത്തിന് സ്വാര്‍ത്ഥതയില്ലാത്ത മനോഭാവമാണെന്നാണ് അശ്വനിന്‍ പറഞ്ഞത്. റെക്കോഡുകളോ നാഴികക്കല്ലുകളോ മനസില്‍ വെച്ചല്ല മറിച്ച് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നതെന്നും സ്വാര്‍ത്ഥമനായ ഒരാള്‍ക്ക് അപകടകരമായ രീതിയില്‍ കളിക്കാന്‍ സാധിക്കില്ലെന്നും അശ്വിന്‍ പറഞ്ഞു.
‘രോഹിത്തിന്റെ സ്വഭാവത്തില്‍ ഞാന്‍ വളരെയധികം ആരാധിക്കുന്നത് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയാണ്. അദ്ദേഹം ശരിക്കും നിസ്വാര്‍ത്ഥനാണ്. സ്വാര്‍ത്ഥനായി ടീമിനെ നയിക്കുന്ന ഒരാളാണെങ്കില്‍, സ്വതന്ത്രമായും അപകടകരമായും കളിക്കാന്‍ പ്രയാസപ്പെടും. രോഹിത് പല അവസരങ്ങളിലും വ്യക്തിപരമായ നാഴികക്കല്ലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല, എന്നിട്ടും അദ്ദേഹം ഇപ്പോഴും വലിയ സ്‌കോറുകള്‍ നേടുന്നു,
അതില്‍ എനിക്ക് അദ്ദേഹത്തോട് അതിയായ ബഹുമാനമുണ്ട്. എല്ലാത്തിനെയും സാധാരണമായ മനോഭാവത്തോടെയാണ് അദ്ദേഹം അതിനെ സമീപിക്കുന്നത്, അത് കാണുന്നത് വളരെ സന്തോഷകരമാണ്. അദ്ദേഹം റണ്‍സ് നേടുമ്പോഴും, അദ്ദേഹത്തിന്റെ ശ്രദ്ധ വലിയ ചിത്രത്തിലാണ്. തന്റെ ഫോം മികച്ചതാണെങ്കിലും, അംഗീകാരവും പ്രോത്സാഹനവും അര്‍ഹിക്കുന്ന മറ്റുള്ളവരുണ്ടെന്ന് അദ്ദേഹം പലപ്പോഴും ഊന്നിപ്പറയുന്നു,’ അശ്വിന്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന അവസാന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
Content Highlight: R. Ashwin Talking About Rohit Sharma