2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചു.
ഇപ്പോള്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ടൂര്‍ണമെന്റില്‍ വിജയിക്കുന്നതിലും ട്രോഫി നേടുന്നതുമല്ല രോഹിത്തിന്റെ വിജയത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൊണ്ടുവന്ന അഗ്രസീവ് ശൈലി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ നിര്‍ണയാകമായെന്നും അശ്വിന്‍ പറഞ്ഞു.
‘2022ലെ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് സെമിഫൈനല്‍ തോറ്റതിനുശേഷം അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. ഒരു ക്യാപ്റ്റന്‍ റിസ്‌ക് എടുക്കുകയാണെങ്കില്‍, ടീമിനായി എന്താണ് അദ്ദേഹം ചെയ്യുന്നതെന്ന് കളിക്കാര്‍ക്ക് മനസിലാകും.
ടൂര്‍ണമെന്റുകളിലെ വിജയമല്ല രോഹിത്തിന്റെ ഏറ്റവും വലിയ പാരമ്പര്യം. അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളിലേക്ക് നയിച്ച വ്യക്തിയാണ്. അടുത്തിടെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഐ.സി.സി കിരീടങ്ങളും നേടി.
അത് അദ്ദേഹത്തിന്റെ പാരമ്പര്യമല്ല. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ശൈലിയില്‍ രോഹിത് ശര്‍മ വലിയ മാറ്റമാണ് വരുത്തിയത്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാരമ്പര്യം,’ അശ്വിന്‍ പറഞ്ഞു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. രണ്ട് ഐ.സി.സി കിരീടങ്ങളാണ് രോഹിത് തുടര്‍ച്ചയായി നേടിയത്. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റുകളിലും ഒരു ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഏക ക്യാപ്റ്റനെന്ന നേട്ടവും താരത്തിന് നേടാനായി.
Content Highlight: R. Ashwin Talking About Rohit Sharma