| Monday, 23rd September 2024, 8:02 am

കളിക്കളത്തില്‍ അവന്‍ റോക്കറ്റാണ്, അവനെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല: ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്‌സില്‍ നേടിയ 86 റണ്‍സും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു. കൂടാതെ രണ്ട് ഇന്നിങ്‌സില്‍ നിന്നും അഞ്ച് വിക്കറ്റും താരം നേടി. അശ്വിന്റെയും ജഡേജയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

ഇപ്പോള്‍ അശ്വിന്‍ ജഡേജയെക്കുറിച്ച് സംസാരിക്കുകയാണ്. ജഡേജയോട് തനിക്ക് അസൂയയാണെന്നും അവന്‍ ഫീല്‍ഡില്‍ റോക്കറ്റ് പോലെയാണെന്നുമാണ് അശ്വിന്‍ പറഞ്ഞത്.

‘ഫീല്‍ഡില്‍ ജഡേജ ഒരു തീയാണ്, അവന്‍ കളിക്കളത്തില്‍ റോക്കറ്റുപോലെയാണ്. മൊത്തത്തില്‍, എനിക്ക് അവന്റെ എല്ലാ കാര്യങ്ങളോടും അസൂയ തോന്നുന്നു. പക്ഷേ അവനെ പൂര്‍ണമായും അഭിനന്ദിക്കുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷങ്ങളായി ഞാന്‍ അഭിനന്ദിക്കാന്‍ പഠിച്ചു,

എനിക്ക് ഒരിക്കലും ജഡേജയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നറിയാം. അതിനാല്‍, എന്റെ രീതിയില്‍ കംഫേര്‍ട്ട് ആണ്. പക്ഷേ അത് അവന്‍ ചെയ്തതില്‍ നിന്നുള്ള പ്രചോദനമാണ്,’ അശ്വിന്‍ പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയും അശ്വിന്‍ തിളങ്ങിയിരുന്നു ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്‌സുമാണ് അശ്വിന്‍ നേടിയത്.

Content Highlight: R. Ashwin Talking About Ravindra Jadeja

We use cookies to give you the best possible experience. Learn more