2025 ഐ.പി.എല്ലിന്റെ മെഗാ താരലേലത്തെക്കുറിച്ചും ഫ്രാഞ്ചൈസിയില്‍ നിന്നും താരങ്ങള്‍ മാറുന്നതിനേക്കുറിച്ചുമുള്ള ചൂടേറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എം.എസ്. ധോണി കളിക്കുമോ എന്നത് മറ്റൊരു കാര്യമാണ്. 2024 സീസണില്‍ താരം വിരമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും താരം വിരമിക്കലിനേക്കുറിച്ച് ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍ ഫ്രാഞ്ചൈസി ധോണിയെ ഒരു അണ്‍ ക്യാപ്ഡ് കളിക്കാരനായി നിലനിര്‍ത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ ഐ.പി.എല്‍ നിയമം ഇതിന് അനുവദിക്കുമോ എന്നത് കണ്ടറിയണം. ഇപ്പോള്‍ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍.
‘ധോണി ഒരു അണ്‍ക്യാപ്പ്ഡ് കളിക്കാരനായി പങ്കെടുക്കുമോ? അതൊരു വലിയ ചോദ്യമാണ്. കാര്യം ശരിയാണ് വര്‍ഷങ്ങളായി അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല, വിരമിച്ചതാണ്. അതിനാല്‍, അവന്‍ ഒരു അണ്‍ക്യാപ്ഡ് കളിക്കാരനാണ്. അവനെപ്പോലുള്ള ഒരു താരത്തിന് അണ്‍ക്യാപ്പ്ഡ് കളിക്കാരനായി കളിക്കാന്‍ കഴിയുമോ?,’ ആര്‍ അശ്വിന്‍ പറഞ്ഞു.
2022 ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായി 12 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ നിലനിര്‍ത്തിയത്. ടീമില്‍ അണ്‍ക്യാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്താന്‍ അനുവദിച്ചാല്‍, നിയമപ്രകാരം ധോണിക്ക് നാല് കോടി രൂപ ലഭിക്കും. എന്നിരുന്നാലും, മറ്റ് ഫ്രാഞ്ചൈസികള്‍ നിയമം തിരികെ കൊണ്ടുവരുന്നതിനെ അനുകൂലിച്ചുകൊണ്ട് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
Content Highlight: R. Ashwin Talking About M.S. Dhoni In IPL 2025