| Tuesday, 3rd September 2024, 3:56 pm

ഞാന്‍ കളിക്കാത്തത് ജഡേജയുടെ കുറ്റമല്ല, എനിക്ക് കളിക്കാന്‍ അവനെ പുറത്താക്കേണ്ടതില്ല; തുറന്ന് പറഞ്ഞ് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളര്‍മാരാണ് രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും. ഒരുകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ഫോര്‍മാറ്റുകളില്‍ മിന്നും ജോഡികളായിരുന്നു ഇരുവരും. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

അടുത്തിടെ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറുമായുള്ള അഭിമുഖത്തില്‍ അശ്വിനോട് ജഡേജയുമായുള്ള കോമ്പിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു.

അതിന് അശ്വിന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. വിദേശ പിച്ചില്‍ കളിക്കുമ്പോള്‍ പലപ്പോഴും അശ്വിന്‍ ബെഞ്ചിലിരിക്കേണ്ടിവരുമ്പോള്‍ എന്താണ് തോന്നാറുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അശ്വിന്‍.

‘ഞാന്‍ കളിക്കാത്തത് ജഡേജയുടെ കുറ്റമല്ല. എനിക്ക് കളിക്കാന്‍ വേണ്ടി അവനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള അസൂയ എനിക്കില്ല. അസൂയ എന്ന സങ്കല്‍പ്പം നമ്മള്‍ മറികടക്കേണ്ട ഒരു വ്യവസ്ഥയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റലും കഴിവുള്ള കളിക്കാരനാണ് ജഡേജ,’മാധ്യമപ്രവര്‍ത്തകന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങളിലെ 189 ഇന്നിങ്‌സില്‍ നിന്ന് അശ്വിന്‍ 516 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മാത്രമല്ല ബാറ്റര്‍ എന്ന നിലയില്‍ 141 ഇന്നിങ്‌സില്‍ നിന്ന് 3309 റണ്‍സും താരം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ജെഡേജ 72 മത്സരങ്ങളിലെ 105 മത്സരങ്ങളില്‍ 3036 റണ്‍സും ബൗളിങ്ങില്‍ 294 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇരുവരും കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്.

Content Highlight: R. Ashwin Talking About Jadeja

We use cookies to give you the best possible experience. Learn more