|

കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ഒരു പേസര്‍ തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്: സ്റ്റാര്‍ പേസറെക്കുറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ഇടം നേടിയ ടീമില്‍ അക്സര്‍ പട്ടേലാണ് സൂര്യയുടെ ഡെപ്യൂട്ടി.

ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. 2023 ലോകകപ്പിന് ശേഷം ഷമി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

2023 ഏകദിന ലോകകപ്പില്‍ കാല്‍മുട്ടിന് പരിക്ക് പറ്റി ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഐ.പി.എല്ലും ടി-20 ലോകകപ്പും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്.

ഇപ്പോള്‍ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലെ ചര്‍ച്ചയിലാണ് അശ്വിന്‍ ഷമിയെക്കുറിച്ച് സംസാരിച്ചത്.

ഷമിയെക്കുറിച്ച് അശ്വിന്‍ പറഞ്ഞത്

‘ഷമിയുടെ തിരിച്ചുവരവിന് അഭിനന്ദനങ്ങള്‍, കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ഒരു പേസര്‍ തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്, കൂടാതെ ഒരുപാട് പേര്‍ താരത്തെ പ്രശംസിച്ചു. ഷമി അതില്‍ ഒരുപാട് സന്തോഷമുണ്ട്, അത് അദ്ദേഹത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും നന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അശ്വിന്‍ പറഞ്ഞു.

തിരിച്ചുവരവിന്റെ ഭാഗമായി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നും പ്രകടനമാണ് താരം കാവ്ചവെച്ചത്.

Content Highlight: R. Ashwin Talking About Indian Pacer Mohammad Shami