| Friday, 24th May 2024, 1:01 pm

ഇംപാക്ട് പ്ലെയര്‍ റൂള്‍ ഇല്ലെങ്കിലും വലിയ സ്‌കോര്‍ ഉണ്ടാകും, ബൗളേഴ്‌സ് ഹിറ്റ് ചെയ്യും; നിര്‍ണായക മത്സരത്തിന് മുമ്പ് സംസാരിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ആരാണ് ഫൈനലില്‍ എത്തുക എന്ന വമ്പന്‍ ചര്‍ച്ചകളിലാണ് ആരാധകര്‍.

ഇരുവരും തമ്മില്‍ 19 തവണ ഐ.പി.എല്ലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് 10 മത്സരങ്ങളില്‍ വിജയിച്ചിരുന്നു. ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് വിജയിക്കാന്‍ സാധിച്ചത്.

എന്നാല്‍ ചെപ്പോക്കില്‍ നടക്കാനിരിക്കുന്നത് 84ാം മത്സരമാണ് ഇതില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 48 തവണയും രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ 35 തവണയുമാണ് വിജയത്തിന്റെ കണക്കുകള്‍. പക്ഷെ മറ്റൊരു പ്രത്യേകത അവസാനമായി ചെപ്പോക്കില്‍ നടന്ന 10 മത്സരങ്ങളില്‍ രണ്ടാം തവണ ബാറ്റ് ചെയ്തവര്‍ ഏഴ് തവണ വിജയിച്ചെന്നാണ്. എന്തായാലും ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് നിര്‍ണായകഘടകമാകും. മാത്രമല്ല ഇംപാക്ട് പ്ലെയേഴ്‌സിന് രണ്ട് ടീമുകളും എങ്ങനെ ഉപയോഗിക്കുമെന്നതും കാണേണ്ടതാണ്.

എന്നാല്‍ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിന്റെ ആവശ്യകതയേക്കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ബൗളര്‍ ആര്‍. അശ്വിന്‍.

‘ഇംപാക്ട് പ്ലെയര്‍ റൂള്‍ ഇല്ലെങ്കില്‍ പോലും ഉയര്‍ന്ന സ്‌കോറുകള്‍ ഉണ്ടാകും. എന്റെ അഭിപ്രായത്തില്‍, ബറ്റര്‍മാര്‍ക്ക് മികച്ച ആത്മവിശ്വാസമുണ്ട് മാത്രമല്ല എല്ലായിടത്തും നിലവാരമുള്ള പിച്ചുകള്‍ ആണ്. ഭാവിയില്‍, എല്ലാ ബൗളര്‍മാരും ഹിറ്റര്‍മാര്‍ ആകേണ്ടി വരും, കാരണം ഞങ്ങള്‍ എത്ര നന്നായി ബൗള്‍ ചെയ്താലും ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടായിരിക്കണം,’ അശ്വിന്‍ പറഞ്ഞു.

ഫൈനലിലേക്ക് മുന്നേറാന്‍ രണ്ടു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്.

മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ ഹൈദരബാദിനെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: R. Ashwin Talking About Impact Player Rule

Latest Stories

We use cookies to give you the best possible experience. Learn more