ന്യൂസിലാന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയാണ് പോരാട്ടത്തിന് വേദിയാകുന്നത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് മത്സരം.
മത്സരത്തിന് മുന്നോടിയായി അഫ്ഗാന്‍ സൂപ്പര്‍ താരങ്ങളായ റിയാസ് ഹസനെക്കുറിച്ചും ബാഹിര്‍ ഷായെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഭാവിയില്‍ ഇരുവരും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് നിര്‍ണായകമാകുമെന്നാണ് അശ്വിന്‍ പറഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, മുഹമ്മദ് കൈഫ് എന്നിവരുമായി താരതമ്യപ്പെടുത്തിയാണ് അശ്വിന്‍ സംസാരിച്ചത്. തന്റെ എക്‌സ് അക്കൗണ്ടിലാണ് ഇരുവരെയും അശ്വിന്‍ പ്രശംസിച്ചത്.
‘അവര്‍ തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം കാണാന്‍ രസകരമായിരിക്കും. അഫ്ഗാനിസ്ഥാന്‍ മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷെ അവരുടെ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് അവര്‍ക്ക് അത് വേണ്ടത്, ഇബ്രാഹിം സദ്രാനും റഹ്‌മത് ഷായും അവര്‍ക്കുണ്ട്. എന്നാല്‍ അവരെ പിന്തുടരാന്‍ മറ്റാരുമില്ല. അവിടെ റിയാസ് ഹസനും ബാഹിര്‍ ഷായും എങ്ങനെ സഹായിക്കുമെന്ന് നമുക്ക് കാണാം.
ഇരുവരും പ്രതീക്ഷ നല്‍കുന്നവരാണ്, അവരുടെ ഫസ്റ്റ് ക്ലാസ് ശരാശരി 55ല്‍ കൂടുതലാണ്. തുടക്ക കാലത്ത് ഇന്ത്യയുടെ ശക്തമായ ഭാവിക്ക് സൂചന നല്‍കിയത് യുവരാജ് സിങ്ങും മുഹമ്മദ് കൈഫുമായിരുന്നു. അടുത്ത ദശാബ്ദത്തിലോ മറ്റോ അഫ്ഗാനിസ്ഥാന് വേണ്ടി ഈ രണ്ട് കളിക്കാര്‍ക്ക് നന്നായി കളിക്കാന്‍ സാധിക്കുമെന്നത് നോക്കാം,’ അശ്വിന്‍ എഴുതി.
അഫ്ഗാനിസ്ഥാന് വേണ്ടി അഞ്ച് ഏകദിനങ്ങള്‍ കളിച്ച് 30 ശരാശരിയില്‍ 120 റണ്‍സ് റിയാസ് നേടിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസിലെ 18 ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ 56.31 ശരാളരിയില്‍ 901 റണ്‍സാണ് താരം നേടിയത്.
അതേ സമയം ബാഹിര്‍ ഷാ കഴിഞ്ഞ വര്‍ഷമാണ് ടെസ്റ്റില്‍ അരങ്ങേറിയത്. ടെസ്റ്റില്‍ ഏഴ് റണ്‍സാണ് താരം നേടിയതെങ്കിലും ഫസ്റ്റ് ക്ലാസില്‍ 69 ഇന്നിങ്‌സില്‍ നിന്ന് 10 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും അടക്കം 3254 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 59.16 ശരാശരിയും ഷാ സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: R. Ashwin Talking About Afghanistan Players